വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമം: സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണ വിതരണം നാളെ മുതൽ

തിരുവനന്തപുരം∙ റേഷന്‍ മണ്ണെണ്ണ വിതരണം നാളെ മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. റേഷന്‍ പ്രതിനിധികളുമായി ചർച്ച നടത്തിയെന്നും മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിച്ചെന്നും മന്ത്രി പറഞ്ഞു. ഒരു ലീറ്റര്‍ മണ്ണെണ്ണയ്ക്ക് 61 രൂപയാണ് വില. വൈദ്യുതി ഇല്ലാത്ത കുടുംബങ്ങള്‍ക്ക് 6 ലീറ്റര്‍ മണ്ണെണ്ണ ലഭിക്കും. എഎവൈ കാര്‍ഡുകാര്‍ക്ക് ഒരു ലീറ്റര്‍ മണ്ണെണ്ണയും മറ്റു കാര്‍ഡുകള്‍ക്ക് അര ലീറ്റര്‍ വീതവും ലഭിക്കും.

കേന്ദ്രസര്‍ക്കാര്‍ മണ്ണെണ്ണ വിഹിതം അനുവദിച്ചെങ്കിലും കടത്തുകൂലിയും കമ്മിഷനും സംബന്ധിച്ചുളള തര്‍ക്കം മൂലം വിതരണം വൈകുന്ന അവസ്ഥയായിരുന്നു. മഞ്ഞ, നീല കാര്‍ഡ് ഉടമകള്‍ക്ക് ഒരു വര്‍ഷമായും മറ്റു കാര്‍ഡ് ഉടമകള്‍ക്ക് രണ്ടര വര്‍ഷത്തിലേറെയായും മണ്ണെണ്ണ വിതരണം ചെയ്തിരുന്നില്ല. ജൂണ്‍ 30ന് അവസാനിക്കുന്ന 2025-26 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ സംസ്ഥാനത്തിന് അനുവദിച്ച 5,676 കിലോ ലീറ്റര്‍ മണ്ണെണ്ണയുടെ ഏറ്റെടുപ്പും വിതരണവുമാണ് നടക്കാനിരിക്കുന്നത്. ഇതു പൂര്‍ത്തിയാക്കാന്‍ സെപ്റ്റംബര്‍ 30ന് അവസാനിക്കുന്ന രണ്ടാംപാദം വരെ സാവകാശം അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. 2025-26 രണ്ടാം പാദത്തിലേക്കും 5,676 കിലോ ലീറ്റര്‍ മണ്ണെണ്ണ അനുവദിച്ചതായി മന്ത്രി അറിയിച്ചിരുന്നു.സംസ്ഥാനത്തെ പിഡിഎസ്, സബ്‌സിഡി, നോണ്‍-സബ്‌സിഡി മണ്ണെണ്ണ വിതരണം ചെയ്യുന്ന മൊത്തവ്യാപാരികള്‍ക്കുള്ള കടത്തുകൂലിയും റേഷന്‍ വ്യാപാരികള്‍ക്കുള്ള റീട്ടെയില്‍ കമ്മിഷനും സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. മൊത്തവ്യാപാരികള്‍ക്കുള്ള കടത്തുകൂലി ആദ്യത്തെ 40 കിലോമീറ്റര്‍ വരെ കിലോ ലീറ്ററിന് 500 രൂപയും അതിനുശേഷമുള്ള ഓരോ കിലോമീറ്ററിനും 5 രൂപയും ആയിട്ടാണ് വര്‍ദ്ധിപ്പിച്ചത്. മണ്ണെണ്ണ ചില്ലറ വിതരണം നടത്തുന്ന റേഷന്‍വ്യാപാരികള്‍ക്കുള്ള കമ്മിഷന്‍ ലീറ്ററിന് 6 രൂപയായി കൂട്ടിയിരുന്നു.

Comments (0)
Add Comment