യുവതി വീടുവിട്ടുപോയെന്ന് ഭർതൃപിതാവ്; പരിശോധനയിൽ കുഴിയിൽ മൃതദേഹം, ഭർത്താവടക്കം 4 പേർ കസ്റ്റഡിയിൽ

ഫരീദാബാദ്∙ ഹരിയാനയിലെ ഫരീദാബാദില്‍ അഴുകിയനിലയിൽ യുവതിയുടെ മൃതദേഹം കണ്ടെടുത്തു. ഉത്തർപ്രദേശിലെ സിക്കോഹാബാദ് സ്വദേശിനിയായ തനു സിങ്ങിന്റെ (24) മൃതദേഹമാണു കണ്ടെത്തിയത്. ഫരീദാബാദിലെ റോഷൻ നഗർ സ്വദേശിയായ അരുൺ സിങ്ങിനെ രണ്ടു വർഷം മുൻപാണു തനു വിവാഹം കഴിച്ചത്. സംഭവത്തിൽ തനുവിന്റെ ഭർത്താവ് അരുൺ, ഭർതൃപിതാവ് ഭൂപ് സിങ്, ഭർതൃമാതാവ് സോണിയ, ഭർതൃ സഹോദരി കാജൾ എന്നിവരുൾപ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണസമയവും കാരണവും കണ്ടെത്താനായി മൃതദേഹം ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു.

തനുവും ഭർത്താവും കുടുംബവും താമസിച്ചിരുന്ന വീടിനോടു ചേർന്നുള്ള പൊതുവഴിയിൽ പുതുതായി കോൺക്രീറ്റ് ചെയ്ത കുഴിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് മാസം മുൻപ് മലിനജലം ഒഴുക്കിവിടുന്നതിനുള്ള ഓട നിർമിക്കാനായി ഇവിടെ കുഴിച്ചിരുന്നുവെന്ന് അയൽവാസികൾ പൊലീസിനോട് പറഞ്ഞു. മലിനജലം ഒഴുകിപോകാൻ വീട്ടിൽ ശരിയായ സംവിധാനമില്ലെന്ന് പറഞ്ഞാണ് തനുവിന്റെ ഭർതൃപിതാവ് കുഴിയെടുത്തത്. കുഴി എടുത്ത ഉടൻ പെട്ടെന്ന് മൂടുകയും മുകളിൽ സിമന്റ് സ്ലാബ് സ്ഥാപിക്കുകയും ചെയ്തിരുന്നു. കുഴിയെടുക്കുന്നത് അയൽവാസികൾ കണ്ടിരുന്നതായും പറയുന്നു. സംഭവത്തിനു ശേഷം തനുവിനെ ആരും കണ്ടിരുന്നില്ല. എന്തോ കുഴപ്പമുണ്ടെന്ന് തോന്നിയെങ്കിലും ഇങ്ങനെയൊന്നും നടക്കുമെന്ന് ആരും വിചാരിച്ചിരുന്നില്ലെന്നും അയൽവാസി പറഞ്ഞു.

വിവാഹശേഷം തനുവിന് മാനസികവും ശാരീരികവുമായ പീഡനങ്ങൾ നേരിടേണ്ടി വന്നതായി തനുവിന്റെ സഹോദരി പ്രീതി ആരോപിച്ചു. വിവാഹം കഴിഞ്ഞയുടൻ അരുണും മാതാപിതാക്കളും സ്വർണാഭരണങ്ങളും പണവും സ്ത്രീധനമായി ആവശ്യപ്പെട്ടുവെന്ന് തനുവിന്റെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. ആവശ്യങ്ങൾ ഒരു പരിധിവരെ നിറവേറ്റാൻ ശ്രമിച്ചെന്നും എന്നാൽ അരുണിന്റെ കുടുംബം നിരന്തരം സമ്മർദത്തിലാക്കിയെന്നും സഹോദരി ആരോപിച്ചു. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കകം തനു സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. അരുണിന്റെ കുടുംബം നല്ലരീതിയിൽ പെരുമാറാത്തതിനാലാണ് തനു മടങ്ങിപോയത്. ഒരു വർഷത്തിലേറെക്കാലം തനു സ്വന്തം കുടുംബത്തോടൊപ്പം താമസിച്ചു. പിന്നീട് തിരികെ പോയപ്പോൾ പീഡനം തുടർന്നു. കുടുംബത്തോട് സംസാരിക്കാൻ അനുവദിച്ചില്ല. ഫോൺ ചെയ്യാനും അനുവാദമുണ്ടായിരുന്നില്ല. തനു ഏപ്രിൽ 23ന് വീട് വിട്ടുപോയെന്നാണ് ഭർതൃപിതാവ് വീട്ടുകാരെ അറിയിച്ചിരുന്നത്. സഹോദരിയെ വിളിക്കാൻ ശ്രമിച്ചപ്പോൾ കിട്ടാതെ വന്നതോടെ സംശയം വർധിച്ചെന്നും പിന്നീട് പൊലീസിനെ സമീപിച്ചെന്നും പ്രീതി പറയുന്നു. ആഴ്ചകളോളം കാര്യമായ നടപടിയൊന്നും ഉണ്ടായില്ലെന്നും പ്രീതി ആരോപിച്ചു. ഒരാഴ്ച മുൻപ് പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നു. തുടർന്ന നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കുഴിയിൽനിന്നു കണ്ടെടുത്തത്. നാലു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്നും പൊലീസ് പറഞ്ഞു.

Comments (0)
Add Comment