തെരുവുനായ ശല്യം;കമ്മിറ്റി രൂപീകരിച്ചു

മാനന്തവാടി: മാനന്തവാടി നഗരസഭാ പരിധിയിലെ തെരുവുനായ ശല്യത്തിന് അറുതി വരുത്തുന്നതിനുള്ള നടപടിയുടെ ഭാഗമായി എബിസി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനം. മാനന്തവാടി നഗരസഭയില്‍ നടന്ന അടിയന്തിര കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. തെരുവ് നായ ശല്യത്തിനെതിരെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധത്തിന്റെ ഭാഗമായാണ് അടിയന്തിര ബോര്‍ഡ് യോഗം വിളിക്കാന്‍ നഗരസഭാ അധികൃതര്‍ നിര്‍ബന്ധിതരായത്. മറ്റെല്ലാ നഗരസഭകളിലും ഇത്തരത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റികള്‍ ഉണ്ടെങ്കിലും മാനന്തവാടിയില്‍ കമ്മിറ്റി രൂപീകരിച്ചിരുന്നില്ല.

മാനന്തവാടി നഗരസഭാ പരിധിയിലെ തെരുനായ ശല്യത്തിനെതിരെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും സിപിഐ എം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും കഴിഞ്ഞ ദിവസം മാര്‍ച്ചും കുത്തിയിരുപ്പ് സമരവും നടത്തിയിരുന്നു. കഴിഞ്ഞ നാലാഴ്ചയ്ക്കുള്ളില്‍ മൂന്നുപേര്‍ക്കാണ് മാനന്തവാടി പട്ടണത്തില്‍ നിന്നു തെരുവുനായയുടെ കടിയേറ്റത്. കഴിഞ്ഞ വര്‍ഷം പത്തിലേറെ പേര്‍ക്ക് കടിയേറ്റിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളുള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ സഞ്ചരിക്കുന്ന പാതയിലാണ് തെരുവുനായ്ക്കള്‍ ഭീതിയാവുന്നത്. ശനി നടന്ന ബോര്‍ഡ് യോഗത്തില്‍ ബത്തേരി ബ്ലോക്കിലെ തെരുവുനായ വന്ധ്യകര യൂണിറ്റിന്റെ പരിധി മാനന്തവാടിയിലേക്ക് നീട്ടുന്നതിന് ജില്ലാ കലക്ടര്‍ മുഖാന്തിരം അപേക്ഷ നല്‍കാനും യോഗത്തില്‍ ധാരണയായി. യോഗത്തില്‍ എല്‍ഡിഎഫ് കൗണ്‍സലര്‍മാര്‍ക്ക് വേണ്ടി കെ എം അബ്ദുല്‍ ആസിഫ്, കെ സി സുനില്‍കുമാര്‍, വിപിന്‍ വേണുഗോപാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കാളിയായി.

Comments (0)
Add Comment