ഷൗക്കത്ത് ‘നിലമ്പൂർ സുൽത്താൻ’: സ്വദേശത്ത് അടിതെറ്റി സ്വരാജ്

മലപ്പുറം∙ നിലമ്പൂർ നിയമസഭാ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിച്ചു. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് 11,077 വോട്ടിന്റെ ഭൂരിപക്ഷം. യുഡിഎഫ് സ്ഥാനാർഥി ഷൗക്കത്തിന് 69,932 വോട്ടും എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് 59,140 വോട്ടും അൻവറിന് 17,873 വോട്ടും എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന് 7593 വോട്ടും ലഭിച്ചു. 2016നുശേഷം ഇപ്പോഴാണ് മണ്ഡലത്തിൽ യുഡിഎഫ് വിജയിക്കുന്നത്. എൽഡിഎഫിന് മണ്ഡലത്തിൽ വീണ്ടും അടിതെറ്റി. സ്വതന്ത്രനും സിറ്റിങ് എംഎൽഎയുമായിരുന്ന പി.വി.അൻവറിന് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല.

മൂത്തേടം, വഴിക്കടവ്, എടക്കര, പോത്തുകല്ല്, ചുങ്കത്തറ, കരുളായി, അമരമ്പലം പഞ്ചായത്തുകളിൽ യുഡിഎഫിന് ലീഡ് ലഭിച്ചു. നിലമ്പൂർ നഗരസഭയിലും യുഡിഎഫിന് ലീഡ് കിട്ടി. ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയുടെ പഞ്ചായത്തായ പോത്തുകല്ലിൽ ഇടയ്ക്ക് സ്വരാജ് ലീഡ് ചെയ്തെങ്കിലും അവസാനം യുഡിഎഫ് പിടിച്ചു. എം.സ്വരാജിന്റെ സ്വന്തം പഞ്ചായത്തായ പോത്തുകല്ലിൽ യുഡിഎഫിനു 800 വോട്ട് ലീഡ്. കഴിഞ്ഞ തവണ 506 വോട്ടിനു എൽഡിഎഫ് ലീഡ് ചെയ്തിരുന്നു. പഞ്ചായത്ത് ഭരിക്കുന്നതും എൽഡിഎഫാണ്. വഴിക്കടവിൽ മാത്രമാണ് പ്രതീക്ഷിച്ച വോട്ടുകൾ യുഡിഎഫിന് ലഭിക്കാത്തത്.

ഭരണ വിരുദ്ധ വികാരമാണ് കാണുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മുൻപ് ഇല്ലാത്ത ഐക്യത്തോടെ യുഡിഎഫ് പ്രവർത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. ആര്യാടൻ ഷൗക്കത്ത് ലീഡ് നേടിയെങ്കിലും യുഡിഎഫ് കേന്ദ്രങ്ങൾ പ്രതീക്ഷിച്ച വോട്ടു ലഭിച്ചിട്ടില്ലെന്ന സൂചനയുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. യുഡിഎഫ് വോട്ടുകൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്നത് വിലയിരുത്തുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ഇടതു സ്വതന്ത്രനായിരുന്ന പി.വി.അൻവർ സർക്കാരുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് രാജിവച്ചതാണ് ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.

Comments (0)
Add Comment