ലഹരിക്കേസിൽ നടൻ ശ്രീകാന്ത് അറസ്റ്റിൽ

ചെന്നൈ∙ ലഹരിക്കേസിൽ നടൻ ശ്രീകാന്ത് അറസ്റ്റിൽ. നടനെ തിങ്കളാഴ്ച രാവിലെ ചെന്നൈ പൊലീസിന്റെ ആന്റി–നർക്കോട്ടിസ് ഇന്റലിജൻസ് വിഭാഗം (എഎൻഐയു) ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. കഴിഞ്ഞ മാസം അറസ്റ്റിലായ അണ്ണാഡിഎംകെ മുൻ നേതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.

നുങ്കംപാക്കത്തെ ഒരു ബാറിൽ ഉണ്ടായ അടിപിടിയെ തുടർന്നാണ് അണ്ണാഡിഎംകെ മുൻ നേതാവായ പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. നടൻ ശ്രീകാന്തിനും ലഹരിമരുന്ന് കൈമാറിയെന്നാണ് ഇയാൾ പൊലീസിനു നൽകിയ മൊഴി. ഒരു ഗ്രാം കൊക്കെയ്ൻ 12,000 രൂപയ്ക്ക് ശ്രീകാന്തിനു നൽകിയെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇതു സംബന്ധിച്ച അന്വേഷണത്തിനാണ് ശ്രീകാന്തിനെ വിളിച്ചുവരുത്തിയത്.

ശ്രീകാന്തിന്റെ രക്തസാംപിളുകൾ പരിശോധിച്ചപ്പോൾ ലഹരിസാന്നിധ്യം കണ്ടെത്തിയെന്നാണു സൂചന. ബെംഗളൂരുവിൽ താമസിക്കുന്ന ഒരു നൈജീരിയൻ പൗരനിൽ നിന്നാണ് ലഹരിമരുന്ന് വാങ്ങിയതെന്നാണ് പ്രസാദ് പൊലീസിനോടു പറഞ്ഞത്. തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായ നടനാണ് ശ്രീകാന്ത്. 1999ൽ കെ.ബാലചന്ദറിന്റെ ജന്നൽ – മറാബു കവിതൈകൾ എന്ന ടിവി ഷോയിലൂടെയാണ് അഭിനയരംഗത്തേക്കു പ്രവേശിച്ചത്. 2002ൽ തമിഴ് ചിത്രമായ റോജ കൂട്ടത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു. 2003ൽ പുറത്തിറങ്ങിയ ഒകാരികി ഒകാരു എന്ന ചിത്രത്തിലൂടെയായിരുന്നു തെലുങ്ക് അരങ്ങേറ്റം. തെലുങ്കിൽ ‘ശ്രീറാം’ എന്ന പേരിലാണ് അറിയപ്പെടുന്നത്. മലയാളത്തിൽ ഹീറോ, ഉപ്പുകണ്ടം ബ്രദേഴ്സ് ബാക് ഇൻ ആക്‌ഷൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Comments (0)
Add Comment