ഞങ്ങൾക്ക് ഇനി ജീവിക്കണ്ട; ചൂരൽമലയിൽ നാട്ടുകാരുടെ പ്രതിഷേധം

ചൂരൽമലയിൽ പ്രതിഷേധവുമായി നാട്ടുകാർ. ബെയ്ലി പാലത്തിനു മുൻപിൽ പൊലീസുമായി നാട്ടുകാർ തർക്കത്തിലേർപ്പെട്ടു. സർക്കാർ വാഗ്ദനങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ പ്രതിഷേധം. ചൂരൽമലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്. മഴ കനത്തതോടെ പുഴയിൽ നീരൊഴുക്ക് വർധിച്ചു. ഇത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. തുടർന്നാണ് പ്രതിഷേധം ഉണ്ടായത്.സാമ്പത്തികമായി വലിയ ബുദ്ധിമുട്ട് നേരിടുന്നതായി നാട്ടുകാർ പറയുന്നു. ‘ഒരുപാട് നാളായി പണിയില്ലാതെ ഇരിക്കുന്നു. ആ 9000 കൊടുത്തിരുന്നെങ്കിൽ ഇത്ര റിസ്‌ക് എടുത്ത് ആളുകൾ പണിക്ക് പോകില്ലായിരുന്നു. നിത്യ വേതനം എന്ന 300 രൂപ പോലും സർക്കാർ നൽകാൻ തയാറാകുന്നില്ല. ഇവിടെ താമസിക്കുന്നവരെ ആരും തിരിഞ്ഞുപോലും നോക്കുന്നില്ല ഞങ്ങൾക്ക് ഇനി ജീവിക്കേണ്ടെന്നും. ബെയ്‌ലി പാലത്തിൽ കയറി നിൽക്കാൻ പോവുകയാണ്’ പ്രദേശവാസി പറയുന്നു.മണിക്കൂറുകളായി ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായിട്ട് അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. എല്ലാ നഷ്ടപ്പെട്ടവരാണെന്നും ഇനി എവിടേക്ക് പോകാനെന്നും നാട്ടുകാർ ചോദിക്കുന്നു. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നാണ് പ്രതിഷേധക്കാർ പ്രധാനമായും ഉയർത്തുന്ന വിഷയം. മേഖലയിലെ ആളുകളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ ഒന്നും ചെയ്തില്ലെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.

Comments (0)
Add Comment