ഒന്നര വർഷം മുൻപ് കാണാതായ ആൾ കൊല്ലപ്പെട്ടു; മൃതദേഹം വനമേഖലയിൽ കുഴിച്ചിട്ട നിലയിൽ

കോഴിക്കോട് നിന്നും ഒന്നര വർഷം മുൻപ് കാണാതായ ആളുടെ മൃതദേഹ ഭാഗങ്ങൾ വനത്തിൽ കണ്ടെത്തി. വയനാട് സ്വദേശി ഹേമചന്ദ്രനാണ് മരിച്ചത്. തമിഴ്നാട് അതിർത്തിയോടു ചേർന്നുള്ള ചേരമ്പാടി വനത്തിലാണ് ഹേമചന്ദ്രന്റേതെന്നു കരുതുന്ന മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്. കേരള, തമിഴ്നാട് പൊലീസിന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത്. രണ്ടു പേർ കസ്റ്റഡിയിലുള്ളതായാണ് വിവരം. മൃതദേഹം മറവു ചെയ്യാൻ സഹായിച്ച രണ്ടു പേരാണ് പിടിയിലായതെന്നാണ് വിവരം. കൂടുതൽ പേരിലേക്ക് അന്വേഷണം പുരോഗമിക്കുകയാണ്.

സാമ്പത്തികതർക്കത്തെ തുടർന്നാണ് കൊലപാതകം എന്നാണ് സൂചന. പ്രതികളിൽ ചിലർ വിദേശത്താണെന്നാണു വിവരം. ഇവർക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് ഇറക്കും. കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം മായനാട് ആണ് ഹേമചന്ദ്രൻ താമസിച്ചിരുന്നത്. ഒന്നര വർഷം മുമ്പ് കോഴിക്കോട്ടെ വീട്ടിൽ നിന്നും രണ്ട് പേർ ഹേമചന്ദ്രനെ കൂട്ടിക്കൊണ്ടുപോയി. പിന്നാലെ ഇയാളെ കാണാതാവുകയായിരുന്നു. ഇതുസംബന്ധിച്ച് ഹേമചന്ദ്രന്റെ ഭാര്യ കോഴിക്കോട് മെഡിക്കൽകോളജ് പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷത്തിലാണ് വനത്തിൽ മൃതദേഹഭാഗം കണ്ടെത്തിയത്. കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ അന്വേഷണത്തിന്റെ ഭാഗമായി വയനാട്ടിലെത്തി.

Comments (0)
Add Comment