കണ്ണൂർ ∙ പേവിഷ ബാധയേറ്റ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. തമിഴ്നാട് കള്ളക്കുറിശ്ശി സ്വദേശി മണിമാരന്റെ മകൻ ഹാരിത്ത് (5) ആണ് മരിച്ചത്. മേയ് 31ന് പയ്യാമ്പലത്തെ വീട്ടുമുറ്റത്ത് വച്ചാണ് തെരുവുനായയുടെ കടിയേറ്റത്.കുട്ടിക്ക് ആദ്യ മൂന്നു കുത്തിവയ്പ്പുകളും എടുത്തിരുന്നു. കഴിഞ്ഞയാഴ്ച പനി, ഉമിനീർ ഇറക്കാൻ പ്രയാസം തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടായതോടെ കണ്ണൂർ ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. കുട്ടിയുടെ കണ്ണിനും കാലിനുമാണ് കടിയേറ്റത്. മുഖത്ത് 7 തുന്നലുണ്ടായിരുന്നു. ഇതിനിടെ കുട്ടിയുടെ നില ഗുരുതരമായി.
മുഖത്തും തലയിലും കടിയേറ്റാൽ വളരെ പെട്ടന്നു തന്നെ പേവിഷം തലച്ചോറിലേക്ക് പ്രവേശിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. കുത്തിവയ്പ്പ് എടുക്കുന്നതിന് മുൻപു തന്നെ പേവിഷം കുട്ടിയുടെ തലച്ചോറിൽ എത്തിയിരിക്കാമെന്നാണ് നിഗമനം. 15 വർഷത്തോളമായി മണിമാരൻ കണ്ണൂരിൽ കേബിൾ ജോലി ചെയ്യുകയാണ്. ജാതിയ ആണ് ഹാരിത്തിന്റെ അമ്മ. കഴിഞ്ഞ ആഴ്ചകളിൽ കണ്ണൂർ നഗരത്തിൽ നിരവധിപ്പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.