നവജാതശിശുവിനെ ലോക്കൽ ട്രെയിനിലെ സഹയാത്രക്കാരികളെ ഏൽപിച്ച് അമ്മ കടന്നുകളഞ്ഞു

മുംബൈ ∙ 15 ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ ലോക്കൽ ട്രെയിനിലെ സഹയാത്രക്കാരികളെ ഏൽപിച്ച് അമ്മ കടന്നുകളഞ്ഞു. ഹാർബർ ലൈനിൽ പൻവേലിലേക്കു പോകുന്ന ട്രെയിനിൽ തിങ്കളാഴ്ച നടന്ന സംഭവത്തിൽ‌ പൊലീസ് കേസെടുത്തിട്ടുണ്ട്. കുഞ്ഞും ലഗേജുമായി യാത്ര ചെയ്യുകയായിരുന്ന സ്ത്രീ, തനിക്കു സീവുഡ്സ് സ്റ്റേഷനിലാണ് ഇറങ്ങേണ്ടതെന്നും സഹായിക്കണമെന്നും സഹയാത്രക്കാരായ 2 സ്ത്രീകളോട് അഭ്യർഥിച്ചിരുന്നു.

അതോടെ, ജുയിനഗറിൽ ഇറങ്ങേണ്ടിയിരുന്ന സ്ത്രീകൾ അവരുടെ യാത്ര സീവുഡ്സ് വരെ നീട്ടി. ട്രെയിൻ സീവുഡ്സിൽ എത്തിയപ്പോൾ അവർ രണ്ടുപേരും ആദ്യം പുറത്തിറങ്ങുകയും യുവതി കുഞ്ഞിനെ അവർക്കു കൈമാറുകയും ചെയ്തു. തുടർന്ന്, ലഗേജ് എടുക്കാനെന്ന വ്യാജേന അവർ സീറ്റിനടുത്തേക്ക് പോയെങ്കിലും തിരിച്ചുവന്നില്ല. അതിനിടെ, ട്രെയിൻ ചലിച്ചുതുടങ്ങി. അവർ അബദ്ധത്തിൽ ട്രെയിനിൽ കുടുങ്ങിയതാകുമെന്നും അടുത്ത സ്റ്റേഷനായ ബേലാപുരിൽ ഇറങ്ങി തിരിച്ചുവരുമെന്നും കരുതിയ സഹയാത്രക്കാർ കുഞ്ഞുമായി ഏറെ നേരം അവിടെ തന്നെ കാത്തിരുന്നു. എന്നിട്ടും അവർ എത്താതിരുന്നതോടെയാണു പൊലീസിൽ പരാതിപ്പെട്ടത്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് യുവതി പൻവേലിനു തൊട്ടുമുൻപുള്ള ഖാന്ദേശ്വർ സ്റ്റേഷനിൽ ഇറങ്ങി പുറത്തേക്കു പോയെന്നു കണ്ടെത്തി. കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞദിവസം താനെ ഭിവണ്ടിയിൽ 3 ദിവസം പ്രായമായ കുഞ്ഞിനെ റോഡരികിൽ ബാസ്ക്കറ്റിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മാതാപിതാക്കളെ 24 മണിക്കൂറിനകം പൊലീസ് പിടികൂടിയിരുന്നു.

Comments (0)
Add Comment