വട്ടിപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കി

പുതുച്ചേരി: വട്ടിപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കി. പുതുച്ചേരി സ്വദേശിയും നടൻ വിജയിന്റെ പാർട്ടിയായ തമിഴക വെട്രികഴകത്തിന്റെ(ടിവികെ) പ്രാദേശിക ഭാരവാഹിയുമായ വിക്രം(33) ആണ് മരിച്ചത്. യുവാവിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും വിവിധ പണമിടപാടുകാരുടെ വിവരങ്ങൾ കുറിപ്പിലുണ്ടെന്നും പോലീസ് പറഞ്ഞു.

കോഴിക്കടയിൽ ജോലിചെയ്തിരുന്ന വിക്രം വിവിധയാളുകളിൽനിന്ന് അമിതമായി പലിശയ്ക്ക് പണം കടം വാങ്ങിയിരുന്നു. എന്നാൽ, അപകടത്തിൽപ്പെട്ട് കിടപ്പിലായതോടെ ഈ വായ്പകളുടെ തിരിച്ചടവ് മുടങ്ങി. ഇതോടെയാണ് പലിശസംഘങ്ങൾ യുവാവിനെ നിരന്തരം ഭീഷണിപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

വട്ടിപ്പലിശക്കാരെ സംബന്ധിച്ച് ഞെട്ടിക്കുന്നവിവരങ്ങളാണ് യുവാവിന്റെ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്. ഒരാളിൽനിന്ന് 3.8 ലക്ഷം രൂപ വായ്പയെടുത്തതിന് മാസം 38,000 രൂപയാണ് പലിശയായി നൽകിയിരുന്നതെന്നാണ് വിക്രം കുറിപ്പിൽ വെളിപ്പെടുത്തിയിരുന്നത്. 30,000 രൂപ വായ്പ വാങ്ങിയതിന് മറ്റൊരാൾ മാസം 6000 രൂപയാണ് പലിശയായി ആവശ്യപ്പെട്ടത്.

തിരിച്ചടവ് മുടങ്ങിയതോടെ തന്റെ ഭാര്യയെയും മകളെയും വീട്ടിലേക്ക് അയക്കാനാണ് മറ്റൊരു പലിശക്കാരൻ ആവശ്യപ്പെട്ടതെന്നും വിക്രം കുറിപ്പിൽ വെളിപ്പെടുത്തി. തന്റെ ഭാര്യയെയും മകളെയും സംരക്ഷിക്കണമെന്ന് നടൻ വിജയിനോട് വിക്രം കുറിപ്പിലൂടെ ആവശ്യപ്പെടുകയുംചെയ്തു.

അതേസമയം, യുവാവിന്റെ മരണത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചവരുടെ പേരുവിവരങ്ങൾ പരിശോധിച്ചുവരികയാണെന്നും ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.

Comments (0)
Add Comment