കൊടും കുറ്റവാളിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

വൈത്തിരി : ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി കൊടും കുറ്റവാളിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ജില്ലയിലെ സ്ഥിരം കുറ്റവാളിയായ പൊഴുതന, പേരുംങ്കോട, കാരാട്ട് വീട്ടില്‍ കെ. ജംഷീര്‍ അലി (41) നെയാണ് തിരുവനന്തപുരം വര്‍ക്കലയില്‍ വച്ച് പോലീസ് പിടികൂടിയത്. ജയ്പൂരിലേക്ക് കടക്കുവാനുള്ള ശ്രമത്തിനിടെയാണ് പോലീസ് അതിവിദഗ്ദമായി ഇയാളെ പിടികൂടിയത്.

മംഗലാപുരം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. നിരന്തര കുറ്റവാളിയായ ജംഷീറിനെതിരെ വൈത്തിരി, മേപ്പാടി, ഷോളൂര്‍മട്ടം, കൂനൂര്‍, കെണിച്ചിറ, കല്‍പ്പറ്റ, പടിഞ്ഞാറത്തറ, വെള്ളമുണ്ട പോലീസ് സ്‌റ്റേഷനുകളിലും, എക്‌സൈസിലും കൊലപാതകം, മോഷണം, പോക്‌സോ, ലഹരിക്കടത്ത്,കവര്‍ച്ച, അടിപിടി തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളുണ്ട്.

തമിഴ്‌നാട് ഷോളര്‍മറ്റം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കോട്ടനാട് എസ്‌റ്റേറ്റില്‍ അതിക്രമിച്ചു കയറി സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചു കൊന്ന് കെട്ടിതൂക്കി കവര്‍ച്ച നടത്തിയ കേസിലും ഇയാള്‍ വിചാരണ നേരിട്ട് കൊണ്ടിരിക്കുകയാണ്. കൂടാതെ ഇയാള്‍ മുന്‍പും കാപ്പ നിയമ പ്രകാരമുള്ള നടപടിയുടെ ഭാഗമായി നാടുകടത്തപ്പെട്ടിട്ടുള്ളതും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളതുമാണ്. വീണ്ടും കുറ്റ കൃത്യങ്ങളില്‍ ഏര്‍പ്പെട്ടു വരികയായിരുന്ന ഇയാള്‍ക്കെതിരെ കാപ്പ നിയമ പ്രകാരം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ കളക്ടര്‍ ഉത്തരവിടുകയായിരുന്നു. ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

കല്‍പ്പറ്റ ഡിവൈ.എസ്.പി പി.എല്‍ ഷൈജുവിന്റെ നിര്‍ദ്ദേശപ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ എന്‍.വി ഹരീഷ് കുമാര്‍, പോലീസുകാരായ കെ.കെ വിപിന്‍, ഷബീര്‍ അലി, സതീഷ് കുമാര്‍, വി.പി ഷഹീര്‍, മുഹമ്മദ് സക്കറിയ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.

Comments (0)
Add Comment