ലഹരിക്കെതിരെ എക്‌സൈസ് വകുപ്പുമായി കൈകോര്‍ത്ത് കുടുംബശ്രീയും

കല്‍പ്പറ്റ: ലഹരിക്കെതിരെ എക്‌സൈസ് വകുപ്പുമായി കൈകോര്‍ത്ത് കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിച്ച ലഹരി മുക്ത ക്യാമ്പയിനിന്റെ ജില്ലാതല പരിശീലനം ജില്ലാ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഷാജി ഇ. കെ ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബാലസുബ്രഹ്മണ്യന്‍ പി കെ അധ്യക്ഷനായി.

ദിനംപ്രതി അധികരിച്ചു വരുന്ന ലഹരി ഉപയോഗം തടയുന്നതിന്റെ ആദ്യഘട്ടം കുടുംബങ്ങളില്‍ നിന്ന് തുടങ്ങണമെന്നതിനെ മുന്‍നിര്‍ത്തിയാണ് കുടുംബശ്രീ ലഹരി മുക്ത ക്യാമ്പയിനിന്റെ ഭാഗമാവുന്നത്.കല്‍പ്പറ്റ ഹരിത ഗിരി ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലയിലെ സി ഡി എസ് ചെയര്‍പേഴ്‌സന്മാര്‍ക്കും കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്കും റിസോഴ്‌സ് പേഴ്‌സന്മാര്‍ക്കുമാണ് ആദ്യ ഘട്ട പരിശീലനം നല്‍കിയത്.

ജില്ലാ എക്‌സൈസ് വകുപ്പ് പ്രിവന്റീവ് ഓഫീസര്‍ ജോഷി തുമ്പാനം കുട്ടികളിലെ ലഹരി ഉപയോഗം എങ്ങനെ കണ്ടെത്താമെന്നും വീടുകളില്‍ നിന്ന് തന്നെ ഏതെല്ലാം രീതിയില്‍ ലഹരിയെ തടയിടാമെന്നതിനെ കുറിച്ചും വിശദീകരിക്കുകയും ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയും ചെയ്തു. വിമുക്തി ജില്ലാ കോര്‍ഡിനേറ്റര്‍ സജിത്ത് കുമാര്‍ സി എന്‍,ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ റെജിന വി കെ, സലീന കെ എം, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ സുഹൈല്‍ പി കെ, ആശ പോള്‍ എന്നിവര്‍ സംസാരിച്ചു.

Comments (0)
Add Comment