ചരിത്ര ദൗത്യം പൂർത്തിയാക്കി ശുഭാംശുവും സംഘവും; പസഫിക് സമുദ്രത്തിൽ സ്പ്ലാഷ് ഡൗൺ

ന്യൂഡൽഹി∙ ശുഭാംശു ശുക്ല ഉൾപ്പെടുന്ന ആക്സിയം 4 ദൗത്യ സംഘം ഭൂമിയിൽ എത്തി. കലിഫോർണിയയ്ക്കു സമീപമുള്ള പസഫിക് സമുദ്രത്തിൽ ഇന്ത്യൻ സമയം വൈകുന്നേരം 3.01ന് സ്പ്ലാഷ് ഡൗൺ ചെയ്തു. ഡ്രാഗൺ ഗ്രേസ് പേടകം റിക്കവറി ഷിപ്പിലേക്കു മാറ്റി. സ്പേസ് എക്സിന്റെ സ്പീഡ് ബോട്ടുകളാണ് റിക്കവറി ഷിപ്പിലേക്ക് പേടകത്തെ ചങ്ങലകളിൽ ബന്ധിച്ച് എത്തിച്ചത്. കരയിൽ എത്തുന്നതിനു പിന്നാലെ നിരവധി ആരോഗ്യ പരിശോധനകൾക്ക് സംഘം വിധേയരാകണം. റിക്കവറി ഷിപ്പിൽനിന്ന് ഇവരെ ഹെലികോപ്റ്റർ മാർഗം തീരത്തേക്ക് എത്തിക്കും.

ഇതിനുശേഷം ജോൺസൺ സ്പേസ് സെന്ററിൽ ഏഴു ദിവസം നിരീക്ഷണത്തിൽ കഴിയണം. മൈക്രോ ഗ്രാവിറ്റി പരിതസ്ഥിതിയിൽ 18 ദിവസം കഴിഞ്ഞ ശുഭാംശുവിന്റെ ആരോഗ്യനില നിരീക്ഷിക്കാനായി ഐഎസ്ആർഒയുടെ സംഘവും യുഎസിൽ എത്തിയിട്ടുണ്ട്.

രാജ്യാന്തര ബഹിരാകാശനിലയത്തിൽനിന്ന് ഇന്നലെ ഇന്ത്യൻ സമയം വൈകുന്നേരം 4.45ന് വേര്‍പെട്ട ഡ്രാഗൺ ഗ്രേസ് പേടകം 22.5 മണിക്കൂറിനുശേഷമാണ് ഭൂമിയിൽ എത്തുന്നത്. 14 ദിവസത്തെ ദൗത്യത്തിനുപോയ സംഘം 18 ദിവസം നിലയത്തിൽ താമസിച്ചിരുന്നു. ഡ്രാഗൺ ഗ്രേസ് പേടകത്തിൽ ശുഭാംശുവിനൊപ്പം പെഗ്ഗി വിറ്റ്സൻ (യുഎസ്), സ്‌ലാവോസ് വിസ്‌നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരാണ് സഹയാത്രികർ. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 4.45ന് ഇവരുൾപ്പെടുന്ന ഡ്രാഗൺ ഗ്രേസ് പേടകം നിലയത്തിൽനിന്ന് അൺഡോക്ക് ചെയ്തിരുന്നു.

Comments (0)
Add Comment