സാഗര്‍ അണക്കെട്ടിൽ റെഡ് അലർട്ട്

ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് 773.00 മീറ്ററായി ഉയര്‍ന്നതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ ഡാമിന്റെ സ്പില്‍വെ ഷട്ടറുകള്‍ അടച്ചിട്ടാണുള്ളത്. ഡാമിലേക്കുള്ള നീരൊഴുക്ക് തുടര്‍ന്ന് ജലനിരപ്പ് 773.50 മീറ്ററില്‍ അധികരിക്കുകയും, മഴയുടെ തീവ്രത വിലയിരുത്തിയും നിയന്ത്രിത അളവില്‍ ഷട്ടര്‍ ഉയര്‍ത്തി അധിക ജലം തുറന്നുവിടുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

മഴ കുറഞ്ഞ് അണക്കെട്ടിലെ ജലനിരപ്പുയരാത്ത പക്ഷം റെഡ് അലേർട്ട് പ്രഖ്യാപിച്ചാലും ഡാം തുറക്കുകയില്ല. ഡാം സുരക്ഷാ അലേർട്ടുകൾ പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. അലേർട്ടുകൾ പ്രഖ്യാപിക്കുമ്പോൾ ജല ബഹിർഗമന പാതയിലുള്ള എല്ലാ ഗ്രാമ പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി എന്നിവയിലെ സെക്രട്ടറിമാർ, പ്രസിഡന്റ്, ചെയർമാൻ, തഹസീൽദാർ, വില്ലേജ് ഓഫിസർ, പോലീസ്, അഗ്നി – രക്ഷാ വകുപ്പ്, ജല സേചന വകുപ്പ് എഞ്ചിനീയർ, എന്നിങ്ങനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാകുന്നതാണ്.

വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെയുള്ള സമയത്ത്‌ യാതൊരു കാരണവശാലും അണക്കെട്ടിൽ നിന്നും വെള്ളം തുറന്ന് വിടുന്നതിന്റെ അളവ്‌ വർദ്ധിപ്പിക്കുകയില്ല. ഏതൊരു അടിയന്തിര സാഹചര്യത്തിലും ജില്ലാ എമർജൻസി ഓപ്പറേറ്റിംഗ്‌ സെന്ററിൽ വിളിക്കാം, നമ്പർ 1077

Comments (0)
Add Comment