വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവംസീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍

കണിയാമ്പറ്റ: കണിയാമ്പറ്റ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാര്‍ഥിയെ റാഗിങ്ങിന് വിധേയമാക്കിയ ആറ് സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍. സ്‌കൂള്‍ ആന്റി റാഗിംഗ് കമ്മിറ്റിയുടെ അന്വേഷണത്തില്‍ റാഗിങ്ങില്‍ ഉള്‍പ്പെട്ടെന്ന് ബോധ്യപ്പെട്ട കുട്ടികളെയാണ് സസ്പെന്റ് ചെയ്തത്. സംഭവത്തില്‍ കമ്പളക്കാട് പൊലിസ് നേരത്തെ അഞ്ചുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവര്‍ക്കൊപ്പം മറ്റൊരാള്‍ക്ക് കൂടി റാഗിങ്ങില്‍ പങ്കുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂള്‍ അധികൃതര്‍ ആറു പേരെ സസ്പെന്റ് ചെയ്തത്.

വൈത്തിരി സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് റാഗിങ് നേരിടേണ്ടി വന്നത്. കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെ ഭാരതീയ ന്യായ് സന്‍ഹിത 189(2), 191(2), 126(2), 115(2), 190 എന്നീ വകുപ്പുകളും കേരള പ്രൊഹിബിഷന്‍ ഓഫ് റാഗിങ് ആക്ട് 1998 ലെ 3, 4 വകുപ്പുകളും പ്രകാരമാണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നാല് ദിവസം മുമ്പാണ് സയന്‍സ് ക്ലാസില്‍ വിദ്യാര്‍ത്ഥി പ്രവേശനം നേടിയത്. ആദ്യദിവസം താടിയും മീശയും വടിക്കാന്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. ഭയം മൂലം തൊട്ടടുത്ത ദിവസം താടി വടിച്ചാണ് ക്ലാസില്‍ പോയത്. എന്നാല്‍ മീശ വടിക്കാത്തത് ചോദ്യം ചെയ്ത് വീണ്ടും ഭീഷണിപ്പെടുത്തി, ഷര്‍ട്ടിന്റെ ബട്ടണ്‍ അഴിച്ചിടാനും പറഞ്ഞു, ഇതിന് വഴങ്ങാതെ വന്നതോടെയാണ് കൂട്ടം ചേര്‍ന്ന് മര്‍ദിച്ചത്.

Comments (0)
Add Comment