ആത്മഹത്യ‍ക്കുറിപ്പെഴുതാൻ പേന ചോദിച്ച് പഴക്കടയിലെത്തി: ഒടുവിൽ കട ഉടമയുടെ പേരെഴുതിവച്ച് ജീവനൊടുക്കി 55കാരൻ

ആലപ്പുഴ ∙ ആത്മഹത്യക്കുറിപ്പ് എഴുതാൻ പേനയും പേപ്പറും ചോദിച്ചതിന്റെ പേരിൽ മർദിച്ച പഴക്കട ഉടമയുടെ പേരും മറ്റൊരാളുടെ പേരും ആത്മഹത്യയ്ക്ക് കാരണമായി എഴുതിവച്ച ശേഷം 55കാരൻ ജീവനൊടുക്കി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തുമ്പോളി മംഗലം പള്ളിപ്പറമ്പിൽ വീട്ടിൽ ബെന്നി ആണ് മരിച്ചത്. വിഷക്കായ കഴിച്ചായിരുന്നു മരണം.

കെട്ടിടനിർമാണ തൊഴിലാളിയായ ബെന്നിയെ ഇന്നലെ രാത്രി 10നാണ് വിഷക്കായ കഴിച്ച് ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്റർ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ഇന്നു രാവിലെയാണ് മരിച്ചത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞത്: പുലയൻവഴി കറുക ജംക്ഷനു സമീപം ലോഡ്‌ജിൽ ബെന്നി ഇന്നലെ വൈകിട്ട് ഒരു മുറിയെടുത്തു. സമീപത്തെ പഴക്കടയിൽ ചെന്ന് പേനയും കടലാസും ചോദിച്ചത് കടയിലെ സ്ത്രീ തെറ്റിദ്ധരിച്ചു. സ്ത്രീയെ ശല്യം ചെയ്യാൻ ചെന്നതായി കരുതി സ്ത്രീയുടെ ഭർത്താവ് ഷുക്കൂർ ബെന്നിയെ മർദിച്ചു. തുടർന്ന് മുറിയിലെത്തിയ ബെന്നി തന്റെ ആത്മഹത്യയ്ക്ക് കാരണം തമ്പി എന്ന ആളാണെന്ന് തൂവാലയിൽ സ്കെച്ച് പേന ഉപയോഗിച്ച് എഴുതി വച്ചു. മുറിയുടെ തറയിൽ ഷുക്കൂർ തന്നെ മർദിച്ചതായും എഴുതി. ഷുക്കൂറിനെ സൗത്ത് പൊലീസ് കസ്‌റ്റഡിയിലെടുത്തു.

Comments (0)
Add Comment