തിരുവനന്തപുരം: ചുവപ്പിന്റെ കരുത്തും സമരയൗവനുമായി നിറഞ്ഞുനിന്ന വിപ്ലത്തിന്റെ കെടാത്തിരി വിഎസ് അച്യുതാനന്ദന്‍ വിടവാങ്ങി. 102 വയസ്സായിരുന്നു. വിഎസിന്റെ മരണത്തോടെ, സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ജീവിച്ചിരുന്ന അവസാനത്തെയാളും ഓര്‍മയായി. പോരാട്ടത്തിന്റെ മറുപേരായ വിഎസ് എന്നും സാധാരണക്കാരുടെ പ്രിയ സഖാവായിരുന്നു.
കഴിഞ്ഞ 23നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിഎസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില അതീവഗുരുതമാണെന്നറിഞ്ഞതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ എന്നിവര്‍ ആശുപത്രിയിലെത്തി വിഎസിനെ സന്ദര്‍ശിച്ചിരുന്നു.വിഎസിന്റെ മരണത്തോടെ കേരള രാഷ്ട്രീയത്തിലെ ഒരു തലമുറയാണ് അവസാനിക്കുന്നത്.
ജീവിത പ്രയാസങ്ങളുടെ കനല്‍വഴി താണ്ടിയാണ് വിഎസ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമായത്. ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വിഎസിന്റേത്. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതില്‍ വിഎസ് അടക്കമുള്ള നേതാക്കള്‍ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണ്. ഐക്യകേരളം രൂപപ്പെടുന്നതിനു മുമ്പ് സ്വേച്ഛാധിപത്യത്തിനും രാജാധികാരത്തിനും ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എല്ലാമെതിരെ ഉജ്ജ്വലമായ സമരങ്ങള്‍ അദ്ദേഹം നയിച്ചു.
ഐക്യകേരളം രൂപീകരിക്കപ്പെട്ടശേഷം ജനകീയ സമരങ്ങളിലൂടെയും ജനപ്രതിനിധി എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം, ചൂഷണത്തിനെതിരെ നിലകൊണ്ടിട്ടുള്ള നേതാവാണ് വി എസ്.
ആലപ്പുഴ പുന്നപ്ര വെന്തലത്തറ കുടുംബത്തില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20നാണ് വിഎസിന്റെ ജനനം. ചെറുപ്പം മുതല്‍ ദാരിദ്ര്യവും പട്ടിണിയും അരക്ഷിതാവസ്ഥയുമെല്ലാം കൂടെയുണ്ടായിരുന്നു. നാലാംവയസ്സില്‍ അമ്മയും പതിനൊന്നാം വയസ്സില്‍ അച്ഛനും മരിച്ചതോടെ പന്ത്രണ്ടാം വയസ്സില്‍ ജ്യേഷ്ഠന്‍ ഗംഗാധരന്റെ തയ്യല്‍ക്കടയില്‍ സഹായിയായി. പിന്നീട് ആസ്പിന്‍വാള്‍ കയര്‍ ഫാക്ടറിയില്‍ തൊഴിലാളിയായ വിഎസ് 1939 ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നു; സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി.
1964 ൽ പാർട്ടി നേതൃത്വത്തോട് കലഹിച്ച് ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിവന്ന് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) രൂപീകരിച്ച 32 പേരിൽ ഒരാളാണ് വി എസ് അച്യുതാനന്ദൻ. 1980 മുതൽ 1992 വരെ തുടർച്ചയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയായി. 1985ൽ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗമായി. 1967ൽ അമ്പലപ്പുഴയിൽ നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. 1970ൽ ജയം ആവർത്തിച്ചെങ്കിലും 77ൽ പരാജയമറിഞ്ഞു.
1991ൽ മാരാരിക്കുളത്ത് നിന്ന് നിയമസഭയിലേക്ക് തിരിച്ചെത്തി. എന്നാൽ തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ വീണ്ടും തോറ്റു. 2001ൽ മലമ്പുഴയിലേക്ക് തട്ടകം മാറിയ വിഎസ് പിന്നീട് പരാജയം അറിഞ്ഞിട്ടില്ല. 2001-2006, 2011-2016 കാലയളവിൽ പ്രതിപക്ഷനേതാവായി. 2016ൽ കേരളത്തിൻ്റെ 20-ാമത് മുഖ്യമന്ത്രിയായി. 2016 ഓഗസ്റ്റ് 9 മുതൽ 2021 ജനുവരി 31 വരെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനായും പ്രവർത്തിച്ചു.
മലയാളികളെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പ്രവൃത്തിയിലൂടെ ബോധ്യപ്പെടുത്തിയ മുഖ്യമന്ത്രി, ഭരണകൂടത്തെ വിറപ്പിച്ച പ്രതിപക്ഷ നേതാവ്… പാർലമെന്ററി രംഗത്ത് വി.എസ് തീർത്ത ചലനങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്. പാർട്ടിക്കകത്ത് വലതുപക്ഷ വ്യതിയാനത്തിനെതിരെ പോരാടിയ വി.എസ്സിനെ നേതൃത്വം വേട്ടയാടിയപ്പോഴും ജനകീയ പിന്തുണയുടെ ബലത്തിലാണ് തിരിച്ചടിച്ചത്. പലപ്പോഴും മത്സരിക്കാൻ സീറ്റ് നിഷേധിച്ചെങ്കിലും ജനങ്ങൾ ഇടപെട്ട് പാർട്ടിയുടെ നിലപാട് തിരുത്തി. അവസാന ശ്വാസം വരെ തികഞ്ഞ കമ്യൂണിസ്റ്റ്. വി.എസ്സിന് മലയാളി നൽകിയ ഇടം ഇനിയൊരു നേതാവിന് ലഭിക്കുമോ എന്ന കാര്യം സംശയമാണ്. അടുത്തൊരു നൂറ്റാണ്ടിന് കൂടി കരുത്ത് പകർന്നാണ് വി എസ് വിടവാങ്ങിയത്.