യുവാവിനെ വീട്ടിൽ വിളിച്ചുവരുത്തി പെൺ സുഹൃത്ത് വിഷം നൽകി? ‘അവളെന്നെ ചതിച്ചു’: മരണമൊഴിക്ക് പിന്നാലെ പൊലീസ്

കോതമംഗലം∙ ‘അവളെന്നെ ചതിച്ചു’ മരിക്കുന്നതിനു മുൻപ് യുവാവ് ബന്ധുവിനോട് പറഞ്ഞ വാക്കുകള്‍ സത്യമാണോ എന്ന് തിരിച്ചറിയാനുള്ള അന്വേഷണത്തിലാണ് കോതമംഗലം പൊലീസ്. മാതിരപ്പിള്ളി മേലേത്ത്മാലിൽ അൻസൽ(38) ആണ് മരിച്ചത്. മലിപ്പാറയിൽ ഒറ്റയ്ക്ക് താമസിക്കുന്ന പെൺസുഹൃത്തിന്റെ വീടിനു സമീപം വ്യാഴാഴ്ച പുലർച്ചെയാണ് അൻസലിനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. പെൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിഷം കൊടുത്തു കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

അൻസൽ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. യുവതിയുമായി വർഷങ്ങളായി പരിചയമുണ്ട്. അടുത്തിടെ ഇരുവരുടെയും ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായി. യുവതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് അൻസൽ സംശയിച്ചു. 29ന് യുവതിയുടെ വീട്ടിലെത്തി അൻസൽ ബഹളമുണ്ടാക്കി. 30ന് പുലർച്ചെയാണ് തനിക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടെന്ന് ബന്ധുവിനെ വിളിച്ചു പറഞ്ഞത്. ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് യുവതി ചതിച്ചെന്ന് അൻസൽ വെളിപ്പെടുത്തിയത്. ആലുവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണം സംഭവിച്ചു. അൻസലിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും.

Comments (0)
Add Comment