ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: മുന്‍ ജീവനക്കാർ കീഴടങ്ങി

തിരുവനന്തപുരം∙ നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടു പ്രതികള്‍ ക്രൈംബ്രാഞ്ചിനു മുൻപില്‍ കീഴടങ്ങി. ദിയയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരായ വിനീത, രാധാകുമാരി എന്നിവരാണ് ക്രൈംബ്രാഞ്ച് ഓഫിസില്‍ എത്തി കീഴടങ്ങിയത്. സ്ഥാപനത്തിലെ ക്യൂ ആര്‍ കോഡില്‍ മാറ്റം വരുത്തി 69 ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയെന്ന കേസിലെ മൂന്നു പ്രതികളില്‍ രണ്ടു പേരാണ് ഇപ്പോള്‍ കീഴടങ്ങിയത്.

ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. സാമ്പത്തിക ക്രമക്കേടു സംബന്ധിച്ച് പരാതിയും കേസും വന്നതിനു പിന്നാലെ കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ ഇവര്‍ തട്ടിക്കൊണ്ടുപോകല്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ കൃഷ്ണകുമാറിനും മകള്‍ക്കും ജാമ്യം ലഭിച്ചിരുന്നു.

Comments (0)
Add Comment