കൊച്ചി: അങ്കണവാടിയില്‍ കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ക്കിടയില്‍ മൂര്‍ഖന്‍ പാമ്പ്. എറണാകുളം ജില്ലയിലെ ആലുവ കരുമാലൂര്‍ തടിക്കക്കടവിലാണ് സംഭവം. കളിപ്പാട്ടങ്ങള്‍ സൂക്ഷിച്ചിരുന്ന ഷെല്‍ഫിനകത്താണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടത്.
രാവിലെ 11 മണിയോടെയാണ് അങ്കണവാടി കെട്ടിടത്തിനകത്ത് മൂര്‍ഖനെ കണ്ടെത്തുന്നത്. ഈ സമയത്ത് എട്ടു കുട്ടികള്‍ അങ്കണവാടിയില്‍ ഉണ്ടായിരുന്നു. അധ്യാപിക ഷെല്‍ഫിലെ കളിപ്പാട്ടങ്ങള്‍ എടുക്കുന്നതിനിടെയാണ് പത്തി വിടര്‍ത്തിയ നിലയില്‍ വലിയ മൂര്‍ഖനെ കണ്ടെത്തുന്നത്.
ഇതോടെ ഭയന്ന അധ്യാപിക അലറി വിളിച്ചു. ഉടന്‍ തന്നെ ഹെല്‍പ്പറുടെ സഹായത്തോടെ കുട്ടികളെയെല്ലാം മുറിയില്‍ നിന്നും മാറ്റി. വാര്‍ഡ് മെമ്പറെ ഉടന്‍ തന്നെ വിവരം അറിയിക്കുകയും സ്‌നേക് റെസ്‌ക്യൂവര്‍ എത്തി പാമ്പിനെ പിടികൂടുകയായിരുന്നു.