തലപ്പുഴ: തലപ്പുഴ പൊയിലിൽ തെരുവുനായയുടെ ആക്രമണത്തിൽ വയോധികക്ക് ഗുരുതരമായി പരിക്കേറ്റു. പൊയിൽ സ്വദേശി കളപ്പുരക്കൽ അന്നമ്മ (72)യ്ക്കാണ് കാലിന് സാരമായി മുറിവേറ്റത്.ഇന്ന് രാവിലെ ആറരയോടെ പാൽ വാങ്ങുന്നതിനായി പോകുമ്പോൾ റോഡരികിൽ വെച്ചായിരുന്നു സംഭവം.
അന്നമ്മയെ ആക്രമിച്ച നായ, അവർ നിലത്തുവീണിട്ടും പിന്മാറാതെ ആക്രമണം തുടരുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാർ ബഹളം വെച്ചാണ് നായയെ ഓടിച്ചുവിട്ടത്. ഉടൻ തന്നെ അന്നമ്മയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അതേസമയം, ആക്രമിച്ചത് തെരുവുനായ തന്നെയാണോ എന്ന കാര്യത്തിൽ ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. പ്രദേശം വനത്തിനോട് ചേർന്നായതിനാലും മുറിവിന്റെ ആഴവും സ്വഭാവവും കണക്കിലെടുക്കുമ്പോൾ നായയെപ്പോലുള്ള മറ്റ് വന്യമൃഗങ്ങളാണോ ആക്രമിച്ചതെന്ന സംശയമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.