ചികിത്സയില്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന അര്‍ബുദങ്ങളില്‍ ഒന്നാണ് കരള്‍ അര്‍ബുദം. ഇത് ബാധിച്ചവരുടെ അഞ്ച് വര്‍ഷ അതിജീവന നിരക്ക് അഞ്ച് മുതല്‍ 30 ശതമാനം വരെ മാത്രമാണ്. എന്നാല്‍ അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ ആഗോള തലത്തിലുള്ള അഞ്ചില്‍ മൂന്ന് കരള്‍ അര്‍ബുദങ്ങളും ഒഴിവാക്കാന്‍ സാധിക്കുമെന്ന് പുതിയ പഠനം അടിവരയിടുന്നു. അമിതവണ്ണവും മദ്യപാനവും നിയന്ത്രിച്ച് ഹെപ്പറ്റൈറ്റിസ് വാക്‌സീന്‍ പോലുള്ള മുന്‍കരുതലുകള്‍ എടുത്താല്‍ ഒരു പരിധി വരെ കരള്‍ അര്‍ബുദ സാധ്യത കുറയ്‌ക്കാനാകുമെന്നാണ് ലാന്‍സെറ്റ് കമ്മീഷന്‍ നടത്തിയ പഠനത്തിലെ കണ്ടെത്തല്‍.
ചൈനയിലെ ഫുഡാന്‍ സര്‍വകലാശാലയിലെ പ്രഫ ജിയാന്‍ സോ ആണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. ലോകത്തിലെ ഏറ്റവും പൊതുവായി കാണപ്പെടുന്ന ആറാമത് അര്‍ബുദമാണ് കരള്‍ അര്‍ബുദം. അര്‍ബുദ മരണങ്ങളുടെ കാരണങ്ങളില്‍ മൂന്നാം സ്ഥാനത്തും ഇത് നില്‍ക്കുന്നു. കരള്‍ അര്‍ബുദം ബാധിച്ച മരണങ്ങളുടെ എണ്ണം 2022ല്‍ 7.60 ലക്ഷമായിരുന്നത് 2050ഓട് കൂടി 13.7 ലക്ഷമായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. കരള്‍ അര്‍ബുദത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങളാണ് ഫാറ്റി ലിവര്‍ രോഗവും ഉയരുന്ന അമിതവണ്ണവും മദ്യപാനവും.
നിലവില്‍ ലോകത്തിലെ കരള്‍ അര്‍ബുദങ്ങളുടെ 40 ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ചൈനയില്‍ നിന്നാണ്. ഉയര്‍ന്ന നിരക്കിലുള്ള ഹെപ്പറ്റൈറ്റിസ് ബി അണുബാധയാണ് കാരണം. കരള്‍ അര്‍ബുദങ്ങളുടെ നിരക്ക് കുറയ്‌ക്കാന്‍ ഗവണ്‍മെന്റുകള്‍ എച്ച്‌ബിവി വാക്‌സിനേഷന്‍ വ്യാപകമാക്കണമെന്നും സാര്‍വത്രിക സ്‌ക്രീനിങ് നടത്തണമെന്നും പഠനറിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. മദ്യപാനും കുറയ്‌ക്കാന്‍ മിനിമം ആല്‍ക്കഹോള്‍ യൂണിറ്റ് വിലനിര്‍ണ്ണയം, പഞ്ചസാര നികുതി, മുന്നറയിപ്പ് ലേബലുകള്‍ പോലുള്ള നടപടികളും ശുപാര്‍ശകളില്‍ ഇടംപിടിച്ചിട്ടുണ്ട്.