എംഎൽഎയുടെ ഫാം ഹൗസിൽ മദ്യപാനത്തിനിടെ തർക്കം; അന്വേഷിക്കാനെത്തിയ എസ്ഐയെ വെട്ടിക്കൊന്നു

തിരുപ്പൂർ∙ ഉദുമൽപേട്ട കൂടിമംഗലം മുങ്കിൽതൊഴുവ് ഗ്രാമത്തിൽ അണ്ണാ ഡിഎംകെ എംഎൽഎ സി.മഹേന്ദ്രന്റെ ഉടമസ്‌ഥതയിലുള്ള ഫാം ഹൗസിൽ വച്ച് സബ് ഇൻസ്പെക്‌ടറെ വെട്ടി കൊന്നു. ഫാംഹൗസിൽ നടന്ന അക്രമ സംഭവം അന്വേഷിക്കാനെത്തിയ സ്പെഷൽ ഗ്രേഡ് സബ് ഇൻസ്പെക്‌ടർ ഷൺമുഖവേൽ (52) ആണ് മരിച്ചത്. കേസിൽ 5 പ്രത്യേക പൊലീസ് സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

ഫാം ഹൗസിലെ ജോലിക്കാരനായ മൂർത്തി, മകൻ തങ്കുപാണ്ഡി എന്നിവർ തമ്മിൽ മദ്യലഹരിയിലുണ്ടായ തർക്കം കയ്യാങ്കളിയിലേക്ക് കടന്നതോടെ പരാതി ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ ഫാംഹൗസിൽ അന്വേഷിക്കാൻ എത്തിയതായിരുന്നു ഷൺമുഖവേൽ. അച്‌ഛനും മകനും തമ്മിലുള്ള സംഘട്ടനത്തിൽ മകന്റെ മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ മൂർത്തിയെ സബ് ഇൻസ്പെക്‌ടർ ഷൺമുഖവേലിന്റെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനിടയിൽ മകൻ തങ്കപാണ്ഡി അരിവാൾ ഉപയോഗിച്ച് ഷൺ‌മുഖവേലിനെ വെട്ടുകയായിരുന്നു.

പൊലീസ് ഡ്രൈവറെയും വെട്ടാനായി പിന്തുടർന്നെങ്കിലും ഡ്രൈവർ രക്ഷപ്പെട്ട് പൊലീസ് ‌സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഘം എത്തുന്നതിന് മുൻപായി ഷൺമുഖവേലിന്റെ മരണം സംഭവിച്ചിരുന്നു. കേസിൽ വിശദമായ അന്വേഷണം നടന്നു വരുകയാണ്.

Comments (0)
Add Comment