ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 16 ആക്കണമെന്ന വാദത്തെ എതിര്‍ത്ത് കേന്ദ്രം

ന്യൂഡല്‍ഹി: ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 16 ആക്കി കുറയ്ക്കുന്നതിനെ എതിര്‍ത്ത് കേന്ദ്രം. വിഷയത്തില്‍ സുപ്രീം കോടതിയില്‍ കേന്ദ്രം ശക്തമായി വാദിച്ചു. അഡീഷണല്‍ സോളിസ്റ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായത്. കൗമാര ബന്ധങ്ങള്‍ കുറ്റകരമല്ലാതാക്കുന്നതിനായി ലൈംഗിക ബന്ധത്തിനുള്ള പ്രായം 16 ആയി കുറയ്ക്കുന്നതിനെ മുതിര്‍ന്ന അഭിഭാഷകയും അമിക്കസ് ക്യൂറിയുമായ ഇന്ദിര ജെയ്സിംഗ് പിന്തുണച്ചു.

ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായം 18 ആക്കിയത് ബോധപൂര്‍വം എല്ലാ വശങ്ങളും പരിശോധിച്ചാണെന്ന് ഐശ്വര്യ ഭാട്ടി വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാനാണിത്. കൗമാരപ്രായക്കാരുടെ പ്രണയ ബന്ധങ്ങള്‍ക്ക് വേണ്ടി ബാലാവകാശ നിയമങ്ങളില്‍ വെള്ളം ചേര്‍ക്കരുതെന്നും ഭാട്ടി കോടതിയില്‍ ആവശ്യപ്പെട്ടു. പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നത് അപകടകരമെന്നും കോടതിയില്‍ കേന്ദ്രം നിലപാടെടുത്തു. ഈ നീക്കം കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ഇളവ് നല്‍കുന്നതാവുമെന്നും കേന്ദ്രം കൂട്ടിച്ചേര്‍ത്തു.

പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നത് പതിറ്റാണ്ടുകളിലൂടെ ശക്തിയാര്‍ജിച്ച രാജ്യത്തെ ബാലാവകാശ നിയമങ്ങളെ വീണ്ടും പൂര്‍വസ്ഥിതിയിലേക്ക് എത്തിക്കുന്നതാവും. പോക്‌സോ ആക്ട് 2012, ബിഎന്‍എസ് എന്നിവയുടെ അടിസ്ഥാന സ്വഭാവത്തിന് ഈ നീക്കം പരിക്കേല്‍പ്പിക്കുമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

Comments (0)
Add Comment