മാനന്തവാടി:വർഷങ്ങളായി പാരിസൺസ് എസ്റ്റേറ്റിലെ തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം കാണണം. പാവപ്പെട്ട തൊഴിലാളികളുടെ മേൽ അമിത ജോലി ഭാരം അടിച്ചേൽപ്പിക്കുകയാണ് മാനേജ്മെന്റ് ചെയ്തുകൊണ്ടിരിക്കുന്നത്. വർഷങ്ങളായി താൽക്കാലികമായി ജോലി ചെയ്യുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിനും മാനേജ്മെന്റ് തയ്യാറാവുന്നില്ല. തൊഴിലാളികൾക്ക് ന്യായമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിക്കുകയാണ് മാനേജ്മെന്റ് ചെയ്യുന്നത്. തൊഴിലാളികൾക്ക് താമസിക്കാൻ നൽകുന്ന ലയങ്ങളുടെ അവസ്ഥ വളരെ ശോചനീയമാണ്.
അറ്റകുറ്റപ്പണികൾ നടത്താൻ പോലും മാനേജ്മെന്റ് തയ്യാറാവാത്ത സ്ഥിതിവിശേഷമാണ് ഉള്ളത്. പാരിസൺസ് എസ്റ്റേറ്റ് മാനേജ്മെന്റ് തൊഴിലാളി വിരുദ്ധ മനുഷ്യരഹിത നടപടികൾക്കെതിരെ അതിശക്തമായ സമരങ്ങൾക്ക് നേതൃത്വം കൊടുക്കാൻ എഐടിയുസി തയ്യാറാകും. പാരിസൺസ് എസ്റ്റേറ്റ് ജെസി ഡിവിഷനിൽ വയനാട് തോട്ടം തൊഴിലാളി യൂണിയൻ എഐടിയുസി രൂപീകരിച്ചു. യൂണിയൻ രൂപീകരണ യോഗം സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബു ഉദ്ഘാടനം ചെയ്തു. രമേശൻ ജെസി അധ്യക്ഷത വഹിച്ചു. ശോഭാ രാജൻ നിഖിൽ പത്മനാഭൻ കെ സജീവൻ ക്ലീറ്റസ് കെ സി തുടങ്ങിയവർ സംസാരിച്ചു.സെക്രട്ടറിയായി രമേശനെയും പ്രസിഡന്റ് ആയി ഷിഹാബിനെയും തിരഞ്ഞെടുത്തു.