അധ്യാപകര്‍ക്ക് കുട്ടികളുടെ ബാഗ് പരിശോധിക്കാം, പക്ഷേ അന്തസ് ഹനിക്കരുത്; സാധനങ്ങൾ പുറത്തെടുക്കുന്നത് അഭിമാനക്ഷതമുണ്ടാക്കാം’

അധ്യാപകര്‍ സ്കൂളുകളിൽ കുട്ടികളുടെ ബാഗ് പരിശോധിക്കുന്നതിനു ബാലാവകാശ കമ്മിഷൻ എതിരല്ലെന്നും എന്നാൽ കുട്ടികളുടെ അന്തസ് ഹനിക്കാൻ പാടില്ലെന്നും സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗം ബി. മോഹൻ കുമാര്‍. സംസ്ഥാന ബാലാവകാശ കമ്മിഷൻ വയനാട് ജില്ലയിലെ സ്കൂൾ അധ്യാപകര്‍ക്കായി സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി മീനങ്ങാടി പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘‘മറ്റു കുട്ടികളുടെ മുന്നിൽ വച്ച് ബാഗിലുള്ള സാധനങ്ങൾ പുറത്തെടുത്ത് പരിശോധിക്കുന്നത് പലതരത്തിൽ കുട്ടികൾക്ക് അഭിമാനക്ഷതമുണ്ടാക്കാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ പരാതി ലഭിച്ചതുകൊണ്ടാണ് അത് വിലക്കുന്ന ഉത്തരവുണ്ടായത്. കുട്ടികളുടെ അഭിമാനത്തിനു ക്ഷതമുണ്ടാവാതെ ബാഗ് പരിശോധിക്കാം. അധ്യാപകരും ബാലാവകാശ കമ്മിഷനും തമ്മിൽ പ്രശ്നങ്ങളില്ല. കുട്ടികൾക്ക് വേണ്ടിയുള്ള ഇടപെടലുകൾ നടത്തുമ്പോൾ അത് അധ്യാപകര്‍ക്ക് എതിരാണെന്ന് തോന്നേണ്ടതില്ല. കുട്ടികളുടെ ഉത്തരവാദിത്തം അധ്യാപകര്‍ക്കാണെന്നും വീടുകളിൽ ഉൾപ്പെടെ കുട്ടികളുടെ വ്യക്തിത്വം അംഗീകരിച്ച് തീരുമാനങ്ങളിൽ അവരെക്കൂടി പങ്കാളികളാക്കിയാൽ പല പ്രശ്നങ്ങളും ഇല്ലാതെയാവും’’ – ബാലാവകാശ കമ്മിഷൻ അംഗം പറഞ്ഞു.

Comments (0)
Add Comment