കോഴിക്കോട്: താമരശ്ശേരിയിൽ ഒൻപത് വയസുകാരി മരിച്ചത് അമീബിക് മസ്തിഷ്കജ്വരം മൂലമെന്ന് പരിശോധനാഫലം. കോരങ്ങാട് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ കോരങ്ങാട് ആനപ്പാറ പൊയിൽ സനൂപിന്റെ മകൾ അനയ (9) ആണ് വ്യാഴാഴ്ച മരിച്ചത്.
പനി മൂർഛിച്ചതിനെ തുടർന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അനയയുടെ മരണത്തെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്നായിരുന്നു കുടുംബത്തിൻറെ പരാതി. ബുധനാഴ്ച രാത്രി ചെറിയ പനി തുടങ്ങിയെന്നും വ്യാഴാഴ്ച രാവിലെ താമരശ്ശേരി ആശുപത്രിയിൽ കാണിച്ചുവെന്നും കുട്ടിയുടെ അച്ഛൻ സനൂപ് പറഞ്ഞു.
അതസമയം, പനി-ഛർദി ലക്ഷണങ്ങളുടെ എത്തുന്ന കുട്ടികൾക്ക് നൽകുന്ന ചികിത്സ അനയയ്ക്കും നൽകിയിരുന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. രക്തത്തിൽ കൗണ്ട് ഉയർന്ന നിലയിൽ ആയതിനാലും ആരോഗ്യനില വഷളായതിനാലും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു.