ഓപ്പറേഷൻ സിന്ദൂറിൽ വലതുകൈ നഷ്ടപ്പെട്ട മലയാളി സൈനികന് വായുസേനാ മെഡൽ

ന്യൂഡൽ‌ഹി ∙ മൂന്നുമാസത്തിനുശേഷം അഞ്ജു ഇന്നു ഭർത്താവ് വരുൺകുമാറിന്റെ വലതുകൈ പിടിക്കും. അതുപക്ഷേ, അഞ്ചുവർഷം മുൻപു തനിക്കു താലി ചാർത്തിയ വലതുകൈ അല്ല. രാജ്യത്തിനുവേണ്ടി ത്യജിച്ച ആ വലതുകൈയ്ക്കു പകരമുള്ള കൃത്രിമക്കൈ.ഓപ്പറേഷൻ സിന്ദൂറിനിടെ ജമ്മുവിലെ ഉധംപുർ വ്യോമതാവളത്തിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിലാണു മലയാളി സൈനികൻ ആലപ്പുഴ പുന്നപ്ര പറവൂർ തെക്കേപുരയ്ക്കൽ എസ്.വരുൺകുമാറിന് (32) ഗുരുതര പരുക്കേറ്റത്.

സുരക്ഷാകാരണങ്ങളാൽ ഈ വിവരം രഹസ്യമാക്കി സൂക്ഷിക്കുകയായിരുന്നു. യുദ്ധത്തിലെന്ന പോലെ മരണത്തോടും പോരാടി ജയിച്ച വരുണിനു രാജ്യം സ്വാതന്ത്ര്യദിനത്തലേന്ന് രാഷ്ട്രപതിയുടെ വായുസേനാ മെഡൽ പ്രഖ്യാപിച്ചു.ഉധംപുർ വ്യോമതാവളത്തിലെ സ്റ്റേഷൻ മെഡി കെയർ സെന്ററിൽ മെഡിക്കൽ അസിസ്റ്റന്റായ വരുണിന് മേയ് 10നു പുലർച്ചെ നടന്ന പാക്ക് വ്യോമാക്രമണത്തിലാണു പരുക്കേറ്റത്.

ഭാര്യ കണ്ണൂർ പിലാത്തറ പെരിയാട് സ്വദേശി അഞ്ജുവും മകൻ വിഹാനും ആ സമയം ക്വാർട്ടേഴ്സിലുണ്ടായിരുന്നു. ഇവരെ സൈന്യം ഉടൻ നാട്ടിലേക്കയച്ചു.രണ്ടാഴ്ചയ്ക്കുശേഷം മേയ് 24നാണ് അഞ്ജു വീണ്ടും ഉധംപുരിലെത്തി വരുണിനെ കണ്ടത്: ‘ഞാൻ വല്ലാതെ തകർന്നുപോയി. എന്നാൽ വരുൺ പെട്ടെന്നു തന്നെ എല്ലാറ്റിനോടും പൊരുത്തപ്പെട്ടിരുന്നു. 35 ദിവസം ആശുപത്രിയിൽ കഴിഞ്ഞ ശേഷം ഞാനും മോനും വരുണിന്റെ സഹോദരൻ വിവേകും നാട്ടിലേക്കു മടങ്ങി’ – അഞ്ജു പറഞ്ഞു.

ഈ മാസം രണ്ടിനു പുണെ ആർട്ടിഫിഷ്യൽ ലിംഫ് സെന്ററിലെത്തിച്ച വരുണിന് ഒരാഴ്ച മുൻപു കൃത്രിമക്കൈ പിടിപ്പിച്ചു. ആക്രമണത്തിൽ തുളച്ചുകയറിയ ഷെല്ലിന്റെ ചില ഭാഗങ്ങൾ ശരീരത്തിൽ ഇനിയുമുണ്ട്. അഞ്ജുവും വിഹാനും ഇന്ന് ഉധംപുരിലെത്തും. കൃത്രിമക്കൈ വച്ചശേഷം വരുണിനെ അഞ്ജു നേരിട്ടുകാണുക ഇന്നാണ്. ചികിത്സ പൂർത്തിയാക്കിയ വരുൺ ഉടൻ ജോലിയിൽ പ്രവേശിക്കുമെന്നാണു സൈനികവൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി.സിങ് കഴിഞ്ഞ ദിവസം ലിംഫ് സെന്ററിലെത്തി വരുണിനെ കണ്ടിരുന്നു.

Comments (0)
Add Comment