വാളയാർ – വട്ടപ്പാറ ചെക്ക് പോസ്റ്റിനു സമീപം നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശികളായ രണ്ടുപേർ മരിച്ചു. മലർ (40), ലാവണ്യ (40) എന്നിവരാണ് മരിച്ചത്. തമിഴ്നാട് ചെന്നൈ പെരുമ്പം സ്വദേശികളായ രണ്ട് കുടുംബങ്ങളാണ് അപകടത്തിൽപെട്ടത്. കാക്കനാട് നടന്ന കുട്ടികളുടെ മത്സരത്തിൽ പങ്കെടുത്ത് മടങ്ങവേയാണ് അപകടമുണ്ടായത്.
രണ്ടു പുരുഷന്മാരും അവരുടെ ഭാര്യമാരും മൂന്നു കുട്ടികളുമായി 7 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. സ്ത്രീകൾ ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. വാഹനത്തിൽ കുടുങ്ങിക്കിടന്നവരെ അഗ്നിരക്ഷാസേന പുറത്തെടുത്തു.
ഒരു പുരുഷനെയും, മൂന്ന് കുട്ടികളെയും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് അവരെ വിദഗ്ധചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി. ഇവരിൽ ഒരു കുട്ടിയുടെ സ്ഥിതി ഗുരുതരമാണ്. സായിറാം (48), 8 വയസ്സുള്ള മകൻ, ഡ്രൈവർ ശെൽവം (45), ഇയാളുടെ 2 മക്കൾ എന്നിവർക്കാണ് പരുക്ക്.