പ്രണയം നിരസിച്ചു, യുവതിയുടെ ഭർത്താവിന് മ്യൂസിക് സ്പീക്കറിൽ ബോംബ് ഘടിപ്പിച്ച് അയച്ച് 20കാരൻ; പിടിയിൽ

ഛത്തീസ്ഗഡിലെ ഖൈറഗഡിൽ യുവതിയുടെ ഭർത്താവിന് സ്പീക്കറിൽ ഘടിപ്പിച്ച് പാഴ്സൽ ബോംബയച്ച 20 വയസ്സുകാരൻ വിനയ് വർമ പൊലീസ് പിടിയിൽ. കോളജിൽ പഠിക്കുന്നകാലം മുതൽ വിനയ് യുവതിയെ പ്രണയിച്ചിരുന്നെങ്കിലും തിരിച്ചുണ്ടായിരുന്നില്ല. ഇതുകാരണം വിനയ് അസ്വസ്ഥനായിരിക്കെയാണു യുവതിയുടെ വിവാഹം. തുടർന്നാണ് അവരുടെ ഭർത്താവായ അഫ്സർ ഖാനെ ലക്ഷ്യംവച്ച് വിനയ് പാഴ്സൽ ബോംബയച്ചത്. ഇന്റർനെറ്റിൽ തിരഞ്ഞാണു യുവാവ് ബോംബ് നിർമാണം പഠിച്ചത്.

വിനയ്‌ വർമയെ അറസ്റ്റ് ചെയ്തതിനൊപ്പം, മേഖലയിൽ പ്രവർത്തിക്കുന്ന ഒരു അനധികൃത സ്ഫോടകവസ്തു മാഫിയയിലെ 6 പേരെയും പൊലീസ് പൊക്കി. ഇവരാണു പാഴ്സൽ ബോംബുണ്ടാക്കാനായി യുവാവിന് ജലറ്റിൻ സ്റ്റിക്കുകൾ നൽകിയത്.

2 കിലോഗ്രാം ഭാരമുള്ള സ്ഫോടകവസ്തുവാണ് മ്യൂസിക് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച് പാഴ്സലാക്കി അഫ്സർ ഖാന്റെ കടയിൽ മറ്റൊരാൾവഴി വിനയ് എത്തിച്ചത്. സംശയം തോന്നിയ അഫ്സർ പാക്കേജ് തുറക്കാതെ പൊലീസിനെ അറിയിക്കുകയായിരുന്നു.

Comments (0)
Add Comment