പുല്‍പ്പള്ളി: പുല്‍പ്പള്ളി കൃഷിഭവനില്‍ മികച്ച കര്‍ഷകരെ ആദരിക്കുന്ന ചടങ്ങിനെത്തിയ ശേഷം കുഴഞ്ഞ് വീണ വീട്ടമ്മയ്ക്ക് ഡോക്ടര്‍ യഥാസമയം ചികിത്സ നല്‍കിയില്ലെന്ന് പരാതി. പുല്‍പ്പള്ളി പഞ്ചായത്ത് ഹാളില്‍ ചടങ്ങ് നടന്നുകൊണ്ടിരിക്കെ എരിയപള്ളി വടക്കേക്കര കുശന്റെ ഭാര്യ ഉഷയാണ് കുഴഞ്ഞ് വീണത്. ഉടന്‍ തൊട്ടടുത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചപ്പോള്‍ ഡ്യൂട്ടി ഡോക്ടര്‍ ഒ.പി സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി രോഗിക്ക് പ്രാഥമികചികിത്സ നല്‍കാന്‍ പോലും തയ്യാറായില്ലെന്നാണ് പരാതി.
കുശന്‍ എരിയപ്പള്ളി വാര്‍ഡിലെ മികച്ച കര്‍ഷകനായിരുന്നു. കുശനൊപ്പം ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഉഷ. തുടര്‍ന്ന് രോഗിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കുകയായിരുന്നു. ഗ്രാമ പഞ്ചായത്ത് അധികൃതര്‍ പ്രശ്നത്തില്‍ ഇടപെട്ടിട്ടും പരിഹാരമുണ്ടായില്ല. ഇത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതര്‍ ഡി എം ഒ ക്ക് പരാതി നല്‍കി. ആരോഗ്യ വകുപ്പ് മന്ത്രിക്കടക്കം പരാതി നല്‍കുമെന്ന് കുശന്‍ പറഞ്ഞു.