ചിങ്ങമാസത്തിൽ സ്വർണ വില കുറയുമെന്ന് പ്രതീക്ഷയിൽ ആഭരണ പ്രേമികൾ, മൂന്ന് ദിവസത്തിനു ശേഷം വില ഇന്ന് താഴ്ന്നു

കേരളത്തിൽ ഏറ്റവും കൂടുതൽ സ്വർണാഭരണങ്ങൾ വിൽക്കുന്ന സീസണായ ചിങ്ങത്തിന്റെ തുടക്കത്തിൽ സ്വർണവില താഴുന്ന പ്രവണത ആഭരണ പ്രേമികൾക്ക് ആശ്വാസമാകുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ വില ഇന്ന് ഗ്രാമിന് 40 രൂപ താഴ്ന്ന് 9235 രൂപയും 320 രൂപ ഇടിവിൽ പവന് 73850 രൂപയും ആണ് വില. ഇത് വിവാഹ– ഓണ സീസണിൽ സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസമാണ്. അതേസമയം കേരളത്തിന്റെ പലയിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ സ്വർണത്തിന് വ്യത്യസ്ത വിലയായിരുന്നത് ഇന്ന് ഏകീകരിച്ച് ഒറ്റവിലയിലേയ്ക്കെത്തിയതും ആഭരണം വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസമായിട്ടുണ്ട്.

സ്വർണവില സ്ഥിരമായി താഴുമെന്നും അല്ല മുന്നേറുമെന്നും കണക്കാക്കാനാകാത്ത രാജ്യാന്തര സ്ഥിതി വിശേഷമാണിപ്പോൾ. രാജ്യാന്തര വിലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ചാണ് സംസ്ഥാനത്തും സ്വർണവിലയിൽ മാറ്റമുണ്ടാകുന്നത്. യുദ്ധം, സാമ്പത്തിക അസ്ഥിരത തുടങ്ങിയ ഘടകങ്ങളാണ് സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാനം. കഴിഞ്ഞ ആഴ്ച ലോകമെങ്ങും ഉറ്റുനോക്കിയ ട്രംപ് –പുട്ടിൻ കൂടിക്കാഴ്ച യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നതിനെക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടില്ലെങ്കിലും അതിനുള്ള സാഹചര്യം ഒരുങ്ങുമെന്ന പ്രതീക്ഷ സ്വർണ വില കുറയാനിടയാക്കിയിട്ടുണ്ട്. ട്രംപും യു എസ് ഫെഡ് ചെയർമാൻ ജെറോം പവലും തമ്മിലുള്ള തർക്കങ്ങൾക്കിടയിൽ ഇന്നലെ നടത്തിയ പ്രഭാഷണത്തിലും പവൽ പലിശ നിരക്കിനെ പറ്റി പരാമർശിക്കാതിരുന്നത് സ്വര്‍ണ വില കുറയാനിടയാക്കിയിട്ടുണ്ട്. പണപ്പെരുപ്പം, ഡീഡോളറൈസേഷൻ തുടങ്ങിയ പ്രശ്നങ്ങളും തൽക്കാലം സ്വർണത്തിന് ഭീഷണിയാകാനിടയില്ല. നിലവില്‍ 3333–3338 ഡോളറാണ് രാജ്യാന്തര വിപണിയിൽ ഒരു ഔൺസ് സ്വർണവിലയുടെ റേഞ്ച്. ഇതിൽ 10 ഡോളറിന്റെ എങ്കിലും വ്യത്യാസം വന്നാലേ സ്വർണ വില കൂടുമോ കുറയുമോ എന്ന് വിലയിരുത്താനാകൂ.

ഓഗസ്റ്റ് 8 ന് പവന് 75,760 രൂപയിലെത്തിയതാണ് സ്വർണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില.ചിങ്ങമാസത്തിൽ സ്വർണത്തിലുള്ള ഇടിവ് മുതലെടുക്കുന്നതാണ് ആഭരണ പ്രേമികൾക്ക് കൈ കൊള്ളാനാകുന്ന സമീപനം. സംസ്ഥാനത്ത് ഇന്ന് 18 കാരറ്റ് സ്വർണത്തിനും വിലകുറഞ്ഞിട്ടുണ്ട്. 35 രൂപ താഴ്ന്ന് ഗ്രാമിന് 7635 രൂപയാണ് ഇന്ന് 18 കാരറ്റ് സ്വർണത്തിന്റെ വില. വെള്ളി വിലയിലും ഇന്ന് കുറവുണ്ട്. ഗ്രാമിന് ഒരു രൂപ കുറഞ്ഞു 124 രൂപയായിട്ടുണ്ട്. സ്വർണ വില കുറയുന്ന പ്രവണത തുടരുകയാണെങ്കിൽ ഓണത്തിന് ആഭരണ വിൽപ്പന ഉയരുമെന്നാണ് സ്വർണ വ്യാപാരികളുടെ പ്രതീക്ഷ.

Comments (0)
Add Comment