ഗര്‍ഭിണിയാകാൻ റോബട് എത്തുന്നു; പെണ്ണില്ലാതെ പിറക്കാന്‍ 12 ലക്ഷം, മനുഷ്യചരിത്രം പാടേ മാറുമോ?

മനുഷ്യ ചരിത്രത്തിലൊരിക്കലും ഇല്ലാതിരുന്ന സാങ്കേതികവിദ്യ ഉടന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ചൈനീസ് ശാസ്ത്രജ്ഞർ. കൃത്രിമ ഗര്‍ഭപാത്രം പേറുന്ന മനുഷ്യാകാരമുള്ള റോബട്ടിനെ ചൈനീസ് ഗവേഷകര്‍ താമസിയാതെ പുറത്തിറക്കിയേക്കും. ഇതിന്റെ പ്രാഥമിക രൂപം 2026ല്‍ തന്നെ പരിചയപ്പെടുത്തുമെന്നാണ് സൂചന. ‘ഗര്‍ഭധാരണം നടത്താന്‍ ശേഷിയുള്ള റോബട്’ എന്നും ഇതിന് വിവരണമുണ്ട്. സ്ത്രീകളിലെ ഗര്‍ഭപാത്രത്തിന്റെ എല്ലാ പ്രവര്‍ത്തനശേഷിയും ളള്ളതാണത്രേ റോബട്ടിന്റെ കൃത്രിമ ഗര്‍ഭപാത്രം.

12 ലക്ഷം രൂപ മതിയായിരിക്കും, പക്ഷേ..

നിലവില്‍ ലഭിക്കുന്ന സൂചനയനുസരിച്ച് സ്ത്രീകള്‍ ആവശ്യമില്ലാത്ത ഗര്‍ഭധാരണത്തിനും പ്രസവത്തിനും വേണ്ടിവരിക ഏകദേശം 12 ലക്ഷം രൂപ ആയിരിക്കും. ഈ പദ്ധതിക്കു പിന്തുണ നല്‍കുന്നവര്‍ പറയുന്നത് കുട്ടികളില്ലാത്തവര്‍ക്ക് അത്യന്തം ആഹ്ലാദകരമായ വാര്‍ത്തയാണ് ഇതെന്നാണ്. എന്നാല്‍, പ്രകൃതിദത്തമായ മാതൃത്വം എന്ന പ്രക്രിയ മായ്ച്ചു കളഞ്ഞാല്‍ മനുഷ്യരാശി വന്‍ ഭവിഷ്യത്തിനെ നേരിടേണ്ടിവരാം എന്ന മുന്നറിയിപ്പാണ് പുതിയ നേട്ടത്തെ ഭയപ്പാടോടെ കാണുന്നവര്‍ നല്‍കുന്നത്. നിയമപരവുമായ ഒട്ടനവധി ചോദ്യങ്ങളും ഇത്തരം ഗര്‍ഭധാരണം ഉയര്‍ത്തിയേക്കാം. ചൈനീസ് അധികാരികള്‍ ഇതിനെക്കുറിച്ച് പഠിച്ച് പുതിയ നയരൂപീകരണത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുകയാണ്.

ആ കാലത്തേക്ക് ശാസ്ത്രം എത്തി

ഗുആന്‍ഗ്‌ഷൊ (Guangzhou) പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന കൈവ (Kaiwa) ടെക്‌നോളജി കമ്പനിയാണ് പുതിയ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. ബെയ്ജിങില്‍ നടന്ന റോബട് കോണ്‍ഫറന്‍സിലാണ്, കൃത്രിമ ഗര്‍ഭപാത്രം പേറുന്ന മനുഷ്യാകാരമുള്ള റോബട്ടിനെ വികസിപ്പിക്കുന്ന പദ്ധതിക്കു നേതൃത്വം നല്‍കുന്ന ഡോ. സാങ് ക്വിഫെങ് (Dr Zhang Qifeng) ‘ശാസ്ത്രം അവിടെ എത്തിക്കഴിഞ്ഞു’ എന്ന് പ്രഖ്യാപിച്ചത്. അടുത്ത ഘട്ടം കൈവ ടെക്‌നോളജി വികസിപ്പിച്ച ഗര്‍ഭപാത്രം ഒരു റോബട്ടിന്റെ ശരീരത്തില്‍ ഘടിപ്പിക്കുക എന്നതായിരിക്കും. അതിനു ശേഷം ‘ശരിക്കുള്ള മനുഷ്യന് അതുമായി ഇടപെട്ട് ഗര്‍ഭധാരണം നടത്താന്‍ സാധിക്കും. ഭ്രൂണത്തിന് ഗര്‍ഭപാത്രത്തില്‍ വളരാനും സാധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഇതെങ്ങനെ പ്രവര്‍ത്തിക്കും?

കൃത്രിമ ഗര്‍ഭപാത്രം എന്ന ആശയം ശാസ്ത്രജ്ഞർക്ക് അശേഷം അവിശ്വസനീയമായ കാര്യമല്ല. ഗര്‍ഭപാത്രത്തിന്റെ സവിശേഷതകള്‍ നേരത്തെ തന്നെ കൃത്രിമമായി സൃഷ്ടിച്ചിട്ടുണ്ട്. കൃത്രിമമായി സൃഷ്ടിച്ച അമ്‌നിയോട്ടിക് (amniotic) ദ്രാവകവും, ഓക്‌സിജനും ന്യൂട്രിയന്റ്‌സും എത്തിച്ചു നല്‍കാന്‍ പൊക്കിള്‍ക്കൊടിയുടെ പ്രവര്‍ത്തനത്തിനു വേണ്ട ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ചു പ്രവര്‍ത്തിക്കുന്ന ട്യൂബും അടങ്ങുന്ന ഉപകരണസംവിധാനവും ആണ് ഇതിലുളളത്. അമേരിക്കന്‍ ഗവേഷകര്‍ 2017ല്‍ വളര്‍ച്ചയെത്താത്ത ആട്ടിന്‍കുട്ടികളെ സമാനമായ ജൈവബാഗുകളില്‍ സൂക്ഷിച്ചിട്ടുണ്ട്.

ഗര്‍ഭപാത്രം വാടകയ്‌ക്കെടുക്കുന്നതിനേക്കാള്‍ ചെലവു കുറവ്’ഗര്‍ഭധാരണം’ മുതല്‍ ‘പ്രസവം’ വരെയുള്ള കാലം ഭ്രൂണം റോബട്ടിനുള്ളില്‍ തന്നെ ഇരിക്കട്ടെ എന്നാണ് ഡോ. സാങും സഹഗവേഷകരും പറയുന്നത്. സ്ത്രീകളെ സമീപിച്ച് വാടക ഗര്‍ഭപാത്രം സംഘടിപ്പിക്കുന്ന നിലവിലെ രീതിയെക്കാള്‍ ചെലവു കുറവായിരിക്കും റോബട് ഗര്‍ഭധാരണ സംവിധാനത്തിന്. ഏകദേശം 100,000 യുവാന്‍ (11,000 പൗണ്ട്) ആണ് ചെലവു വരാന്‍ സാധ്യത.

ചൈനയില്‍ വന്ധ്യത വ്യാപകമാകുകയാണ്. 2007ല്‍ 12 ശതമാനത്തില്‍ താഴെയായിരുന്നുവിത്. എന്നാല്‍, 2020ല്‍ 18 ശതമാനമായി. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷനും (ഐവിഎഫ്), ആര്‍ട്ടിഫിഷ്യല്‍ ഇന്‍സെമിനേഷനും നിരാശ മാത്രമാണ് സമ്മാനിക്കുന്നത്. റോബട്ടിക് ഗര്‍ഭധാരണത്തെ സ്വാഗതം ചെയ്ത് ചൈനീസ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ വന്നു തുടങ്ങി. പല കുടുംബങ്ങളും കുട്ടികള്‍ ഉണ്ടാകാനായി സമ്പാദ്യം മുഴുവന്‍ ചെലവിടുന്നു. കൃത്രിമ ഗര്‍ഭധാരണം പരാജയപ്പെടുന്നത് മാനസികവും സാമ്പത്തികവുമായ നിരാശയാണ് പലര്‍ക്കും സമ്മാനിക്കുന്നത്. നമ്മുടെ സമൂഹത്തിന് ഇപ്പോള്‍ വേണ്ടത് പ്രഗ്നന്‍സി റോബട്ടുകള്‍ തന്നെയാണ് എന്ന് പറയുന്ന കമന്റുകള്‍ പ്രവഹിക്കുന്നുണ്ട്.

റോബട്ടുകള്‍ ഗര്‍ഭം പേറുന്ന രീതി മോശമായ മാര്‍ഗമാണ് എന്ന പ്രചരണത്തെ എതിര്‍ക്കുന്നവരും ഒട്ടും കുറവല്ല. ഗര്‍ഭധാരണം യന്ത്രങ്ങള്‍ക്ക് പുറംപണിക്കരാര്‍ നല്‍കി നേടിയെടുക്കാന്‍ ശ്രമിക്കുന്നത് ഒട്ടും നന്നായിരിക്കില്ലെന്നാണ് അവര്‍ വാദിക്കുന്നത്. അതോടെ അമ്മ-മക്കള്‍ ബന്ധം കലര്‍പ്പുള്ളതായി തീരാം. പോരെങ്കില്‍ സമൂഹം രക്ഷകതൃത്വം എന്ന ആശയത്തെ കാണുന്ന രീതിക്കും മാറ്റംവരാം.’സ്ത്രീകളുടെ അന്ത്യം’ഇത് ‘സ്ത്രീകളുടെ അന്ത്യം കുറിക്കുമെന്നാണ്’ കൃത്രിമ ഗര്‍ഭപാത്രം എന്ന ആശയത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ ഫെമിനിസ്റ്റ് ഫിലോസഫര്‍ ആന്‍ഡ്രിയ ഡ്വോര്‍കിന്‍ (Andrea Dworkin) പറഞ്ഞത്. വൈദ്യ ശാസ്ത്ര രംഗത്തു പ്രവര്‍ത്തിക്കുന്നവരിലും റോബട്ടിക് ഗര്‍ഭധാരണം എന്ന ആശയം പ്രചരിക്കുന്നതില്‍ അസ്വസ്ഥതയുള്ളവരുണ്ട്. ഫിലഡല്‍ഫിയയിലെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലെ ഗവേഷകര്‍ 2022ല്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്, ഗര്‍ഭധാരണം സ്വാഭാവികമായി ജീവിച്ചു തീര്‍ക്കേണ്ട ഒരു കാലഘട്ടമാണ്, അതിനെ പതോളജി (pathology) എന്ന അവസ്ഥയായി മാറ്റിക്കളയുന്ന അപകടമാണ് ഇതില്‍ പതിയിരിക്കുന്നത് എന്നാണ്.എന്നാല്‍, നിലവിലുള്ള നിയമത്തെ മറികടന്ന് നീങ്ങുകയാണ് ശാസ്ത്രം. കൈവ ടെക്‌നോളജിയും ഗുആന്‍ഗ്‌ഷൊ പ്രവിശ്യയിലെ അധികാരികളും തമ്മില്‍ പുതിയ സാഹചര്യം എങ്ങനെ നേരിടണം എന്ന കാര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകൾ ആരംഭിച്ചു. എന്തു നിയന്ത്രണങ്ങളാണ് ഇത്തരം ഗര്‍ഭധാരണത്തിന് കൊണ്ടുവരേണ്ടത് എന്നാണ് ചര്‍ച്ച. ഉദാഹരണത്തിന് റോബട് പ്രഗ്നന്‍സി വഴി കുട്ടി ഉണ്ടായാല്‍ ആരെയാണ് അതിന്റെ രക്ഷകര്‍ത്താവ് എന്നു വിളിക്കേണ്ടത്? അങ്ങനെ ജനിക്കുന്ന കുട്ടിക്ക് എന്തെന്ത് അവകാശങ്ങളാണ് രാജ്യം നല്‍കേണ്ടത്? പുതിയ സാഹചര്യത്തില്‍ അണ്ഡത്തിനും, ബീജത്തിനും, കൃത്രിമ ഗര്‍ഭപാത്രത്തിനുമൊക്കെ കരിഞ്ചന്ത ഉണ്ടാകില്ലെന്ന് കൈവ ടെക്‌നോളജി പോലെയുള്ള സ്ഥാപനങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്.

അതേസമയം, റോബട് ഗര്‍ഭധാരണത്തിന് ഒരു ഗുണവുമില്ലെന്നു പറഞ്ഞ് പൂര്‍ണമായി തള്ളിക്കളയാനും കഴിയില്ലത്രേ. ഗര്‍ഭധാരണം മൂലമുള്ള പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് ഇത് ഏറെ പ്രതീക്ഷകള്‍ പകരുന്നു. കുട്ടികളില്ലാതെ വിഷമിക്കുന്ന കുടുംബംഗങ്ങള്‍ക്കും ആഹ്ലാദകരമായ വാര്‍ത്തയാണ്. എന്നാല്‍, ഇത്തരം സംവിധാനം ഉയര്‍ത്തുന്ന ഭീഷണികളും വ്യക്തമാണ്: കുട്ടികളുടെ ജനനം വ്യാപാരച്ചരക്കാക്കുന്നു. മനുഷ്യ ബന്ധങ്ങള്‍ക്ക് തുരങ്കംവയ്ക്കുന്നു. പ്രത്യുത്പാദനം മനുഷ്യരില്‍ നിന്ന് യന്ത്രങ്ങളിലേക്ക് മാറ്റുന്നു എന്നത് അപ്രതീക്ഷിത പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.ഇതൊക്കെയാണെങ്കിലും, 2026ല്‍ അമ്മയില്‍ നിന്നല്ലാതെ, യന്ത്രപരിപാലനം മാത്രമേറ്റ് ആദ്യമായി ഒരു മനുഷ്യക്കുട്ടി പിറന്നേക്കാം. ഇത് പുരോഗതി വിളംബരം ചെയ്യുന്ന നിമിഷമായിരിക്കുമോ, അതോ വിനാശകരമായ പ്രതിസന്ധിയായിരിക്കുമോ നല്‍കുക എന്നു കാത്തിരുന്നു കാണേണ്ടിവരും.

Comments (0)
Add Comment