ചെഹൽ അതു ചെയ്യുമെന്ന് കരുതിയില്ല, കോടതിയിൽ പൊട്ടിക്കരഞ്ഞെന്ന് ധനശ്രീ; പിന്തുണച്ച് ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹലുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ച ദിവസത്തെ മോശം അനുഭവങ്ങളെക്കുറിച്ചു വെളിപ്പെടുത്തി മോഡലും ഇൻഫ്ലുവൻസറുമായ ധനശ്രീ വർമ. കോടതി വിവാഹ മോചനം അനുവദിച്ച സമയത്ത് കോടതി മുറിയിൽവച്ച് പൊട്ടിക്കരയുകയായിരുന്നെന്ന് ധനശ്രീ ഒരു പോഡ്കാസ്റ്റിൽ വെളിപ്പെടുത്തി. ‘‘എനിക്കും എന്റെ കുടുംബത്തിനും വളരെ വൈകാരികമായ ദിവസമായിരുന്നു അത്. എന്താണു സംഭവിക്കാൻ പോകുന്നതെന്ന് മനസ്സിലാക്കി, അതിനു വേണ്ടി ഞാൻ തയാറെടുത്തിരുന്നു. എങ്കിലും ഞാൻ വളരെ വൈകാരികമായാണ് അന്നു പ്രതികരിച്ചത്.’’

‘‘എല്ലാവരുടേയും മുന്നിൽവച്ച് ഞാൻ ഏങ്ങലടിച്ച് കരയുകയായിരുന്നു. ചെഹലാണ് ആദ്യം പുറത്തേക്കുപോയത്. അദ്ദേഹത്തിന്റെ ടി– ഷർട്ടിലെ വാചകങ്ങൾ വരെ വാർത്തയായി. അങ്ങനെയൊന്ന് അദ്ദേഹം ചെയ്യുമെന്ന് കരുതിയില്ല. ഞാൻ പുറകിലെ ഗേറ്റിലൂടെ ഇറങ്ങിപ്പോയി. ക്യാമറകളെ നേരിടാൻ എനിക്കു താൽപര്യം ഉണ്ടായിരുന്നില്ല. ഞാൻ സാധാരണ വസ്ത്രമായിരുന്നു ധരിച്ചത്. അതു വളരെയേറെ ബുദ്ധിമുട്ടിയ നിമിഷമായിരുന്നു. കാരണം ആളുകൾ നമ്മളെ മാത്രമാണ് കുറ്റപ്പെടുത്തുകയെന്ന് എനിക്ക് അറിയാമായിരുന്നു.’’– ധനശ്രീ വ്യക്തമാക്കി.

‘‘വിവാഹമോചനം പോലൊരു തീരുമാനമെടുക്കാൻ കുടുംബത്തിൽനിന്നു പിന്തുണ ലഭിച്ചിരുന്നു. ഇതു ചെയ്യാൻ വലിയ ധൈര്യം തന്നെ വേണമെന്നും ഒപ്പമുണ്ടാകുമെന്നും രക്ഷിതാക്കൾ എന്നെ അറിയിച്ചു.’’– ധനശ്രീ പറഞ്ഞു.

അതേസമയം ധനശ്രീയെ പിന്തുണച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഭാര്യ ദേവിഷ ഷെട്ടി രംഗത്തെത്തി. ധനശ്രീയുടെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് ദേവിഷ പിന്തുണ അറിയിച്ചത്. ഒരുപാട് ബഹുമാനവും സ്നേഹവുമുണ്ടെന്നും സൂര്യകുമാർ യാദവിന്റെ ഭാര്യ പ്രതികരിച്ചു.2020 ഡിസംബറിലാണ് ചെഹലും ധനശ്രീ വർമയും വിവാഹിതരാകുന്നത്. ബന്ധം വഷളായതോടെ ചെഹലും ധനശ്രീയും മാസങ്ങളോളം വേർപിരിഞ്ഞു താമസിച്ചു. ഈ വർഷം മാര്‍ച്ചിലാണ് ഇരുവരും പരസ്പര സമ്മതത്തോടെ വേർപിരിയാൻ തീരുമാനിച്ചത്. ജീവനാംശമായി ചെഹൽ ധനശ്രീക്ക് നാലു കോടിയോളം രൂപ നൽകിയതായാണു വിവരം.

Comments (0)
Add Comment