എന്റെ വളർത്തു നായയുടെ മുന്നിലേക്ക് നിങ്ങൾ പൂച്ചയെ കൊണ്ടുവരല്ലേ. അയൽവാസിയോട് ഇക്കാര്യം പറഞ്ഞതു മാത്രമേ ഓർമയുള്ളൂ. ഉടൻ കത്തിയെടുത്തു കുത്തി. എടവിലങ്ങ് കാരയിൽ ആണു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് എടവിലങ്ങ് കാര സ്വദേശി നീലം കാവിൽ വീട്ടിൽ സെബാസ്റ്റ്യനെ (സെബാൻ–41) പൊലീസ് അറസ്റ്റ് ചെയ്തു.
ഓഗസ്റ്റ് 21 ന് വൈകിട്ട് ആറിന് ആയിരുന്നു അക്രമം. കാര സ്വദേശി തൊടാത്ര വീട്ടിൽ ജിബിന്റെ വീട്ടിൽ വളർത്തു നായ ഉണ്ട്. പ്രതി സെബാസ്റ്റ്യൻ പൂച്ചയെയും വളർത്തുന്നുണ്ട്. ജിബിന്റെ വളർത്തുനായയുടെ മുന്നിലൂടെ സെബാസ്റ്റ്യൻ പൂച്ചയെ കൊണ്ടു പോയപ്പോൾ നായ പൂച്ചയുടെ നേരെ കുരച്ചു ചാടി. ഇതോടെ സെബാസ്റ്റ്യനോട് പൂച്ചയെ കൊണ്ടു വരല്ലേ എന്നു ജിബിൻ പറയുകയായിരുന്നു. ഇതാണ് കത്തിക്കുത്തിൽ കലാശിച്ചത്. ജിബിൻ ആശുപത്രിയിൽ ചികിത്സ തേടി.
ജിബിന്റെ തലയിൽ ഉൾപ്പടെ മൂന്നിടത്തു തുന്നിക്കെട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും. ഇൻസ്പെക്ടർ ബി.കെ.അരുൺ, എസ്ഐ കെ.സാലിം, എസ്ഐ കെ.ജി.സജിൽ, സിപിഒമാരായ വിഷ്ണു, ഗോപേഷ്, വിനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.