എക്‌സ്‌ഹോസ്റ്റ് ഫാനിന്റെ ദ്വാരത്തിലൂടെ ബലാത്സംഗ ദൃശ്യങ്ങൾ പകർത്തി, വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി: കുറ്റപത്രം

ന്യൂഡൽഹി∙ കൊൽക്കത്ത ലോ കോളജ് ബലാത്സംഗ കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ജൂൺ 25ന് സൗത്ത് കൊൽക്കത്ത ലോ കോളജിൽ നടന്ന ബലാത്സംഗ കേസിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. മുഖ്യപ്രതി മനോജിത് മിശ്ര വിദ്യാർഥിനിയുടെ ഒന്നിലധികം വിഡിയോകൾ ചിത്രീകരിച്ചെന്നും അതുപയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നെന്നും 650 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. പെൺകുട്ടിയുടെ വൈദ്യപരിശോധനയിൽ ബലാത്സംഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രതിയുടെ ഡിഎൻഎ, ഫൊറൻസിക് സാംപിളുകളുമായി പൊരുത്തപ്പെടുന്നുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഒന്നാം വർഷ വിദ്യാർഥിനിയായ പെൺകുട്ടിയെ കോളജിലെ പൂർവ്വ വിദ്യാർഥികളായ മനോജിത് മിശ്ര, സൈബ് അഹമ്മദ്, പ്രമിത് മുഖർജി എന്നിവർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തെന്നാണ് കേസ്. കേസിൽ നാല് പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പൂർവ വിദ്യാർഥികളായ മൂന്നു പേർക്ക് പുറമെ സുരക്ഷാ ജീവനക്കാരനും കേസിൽ പ്രതിയാണ്. പ്രതികൾ ചേർന്നു പെൺകുട്ടിയെ പീ‍‍ഡിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യം അന്വേഷണത്തിനിടെ പൊലീസ് കണ്ടെടുത്തിരുന്നു. പ്രതികൾ പെൺകുട്ടിയെ ബന്ദിയാക്കി വലിച്ചിഴയ്ക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

പ്രതികളുടെ മൊബൈൽ ഫോണുകളിൽനിന്ന് ഇരയെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന വിഡിയോകൾ കണ്ടെടുത്തിരുന്നു. ചുമരിൽ സ്ഥാപിച്ചിരുന്ന എക്‌സ്‌ഹോസ്റ്റ് ഫാനിന്റെ ദ്വാരത്തിലൂടെയാണ് പ്രതികൾ ഈ വിഡിയോകൾ ചിത്രീകരിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. വിഡിയോയിലുള്ള ശബ്ദവും പ്രതികളുടെ ശബ്ദവും ഒന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് പ്രതിയുടെ മൊബൈൽ ലൊക്കേഷൻ കണ്ടെത്തിയിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.പെൺകുട്ടിയെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും സുരക്ഷാ ജീവനക്കാരൻ ഗാർഡ് റൂം പൂട്ടിയെന്നും മറ്റാരെയും അറിയിച്ചില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇതോടെയാണ് കേസിൽ ഇയാളും പ്രതി ചേർക്കപ്പെട്ടത്. മുഖ്യപ്രതിയും തൃണമൂൽ കോൺഗ്രസ് മുൻ വിദ്യാർഥി നേതാവുമായ മനോജിത് മിശ്രയെ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. മുഖ്യപ്രതി മനോജിത് കോളജിലെ താത്കാലിക ജീവനക്കാരൻ കൂടിയായിരുന്നു.

Comments (0)
Add Comment