സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം: സ്ഥിരീകരിച്ചത് വയനാട് സ്വദേശിക്ക്

കോഴിക്കോട്∙ സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയനാട് സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍നിന്നു മൂന്നു പേര്‍ വീതവും വയനാട് ജില്ലയില്‍നിന്നു രണ്ടു പേരുമാണ് ചികിത്സയിൽ കഴിയുന്നത്.

അതേസമയം, രോഗത്തിന്റെ ഉറവിടം കൃത്യമായി മനസ്സിലാക്കാൻ ഇതുവരെ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. കെട്ടിക്കിടക്കുന്ന കുളത്തിലോ പുഴയിലോ കുളിച്ചാലാണ് രോഗം വരാനുള്ള സാധ്യതയുള്ളതെന്നാണ് നിഗമനം. എന്നാല്‍ ചികിത്സയിലുള്ള മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ കിണറിലെ വെള്ളത്തില്‍ മാത്രമാണ് കുളിപ്പിച്ചതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. ചികിത്സയിലുള്ളവരിൽ ചിലര്‍ കുളത്തിലോ പുഴയിലോ കുളിച്ചിട്ടുമില്ല. ഇതോടെ ഉറവിടത്തിന്റെ കാര്യത്തില്‍ കൃത്യമായ ഒരു ഉത്തരം പറയാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.

Comments (0)
Add Comment