ഓണം സ്‌പെഷ്യല്‍ ഡ്രൈവ്:ഒരു മാസത്തിനിടെ 195 ലഹരി കേസുകൾ

കല്‍പ്പറ്റ: ലഹരി മരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിനായി ഓണത്തിനോടനുബന്ധിച്ച് പോലീസ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ ലഹരി കടത്തുമായി ബന്ധപ്പെട്ട 3830 പേരെ പരിശോധിച്ചു.

195 ലഹരി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 205 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആഗസ്റ്റ് ഒന്ന് മുതല്‍ ഇതുവരെ 297.96 ഗ്രാം എം.ഡി.എം.എ, 3775.23 ഗ്രാം കഞ്ചാവ്, 1.73 ഗ്രാം മെത്തഫിറ്റമിന്‍, 19.9 ഗ്രാം ഹാഷിഷ്, 164 കഞ്ചാവ് നിറച്ച സിഗരറ്റ് എന്നിവ പിടിച്ചെടുത്തു. മാരക മയക്കുമരുന്നായ എം.ഡി.എം.എ കൊമേഴ്ഷ്യല്‍ അളവില്‍ 4 തവണ പിടികൂടി. മുത്തങ്ങ ചെക്ക്പോസ്റ്റിന് സമീപം വെച്ച് നടത്തിയ പരിശോധനയില്‍ 19.08.2025 ഉച്ചയോടെ 28.95 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് തിരുവമ്പാടി എലഞ്ഞിക്കല്‍ കവുങ്ങിന്‍ തൊടി വീട്ടില്‍ കെ.എ നവാസി(32)നെ പിടികൂടിയിരുന്നു. കൂട്ടുപ്രതിയായ മലപ്പുറം, പറമ്പില്‍പീടിക, കൊങ്കചേരി വീട്ടില്‍ പി. സജില്‍ കരീം(31)മിനെയും 20.08.2025 ന് കൊങ്കഞ്ചേരിയില്‍ വെച്ച് പോലീസ് പിടികൂടിയിരുന്നു.

20.08.2025 തീയതി മുത്തങ്ങ പോലീസ് ചെക്ക്‌പോസ്റ്റില്‍ വെച്ച് 19.38 ഗ്രാം എം.ഡി.എം.എ യുമായി റിപ്പണ്‍ സ്വദേശി വടക്കന്‍ വീട്ടില്‍ കെ അനസ്(21) നെയും പിടികൂടി. മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടി ബസ്സില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. 22.08.2025 ന് പുലര്‍ച്ചെ ബാംഗ്ലൂരില്‍ നിന്ന് വരുകയായിരുന്ന പ്രൈവറ്റ് സ്ലീപ്പര്‍ ബസിലെ പരിശോധനയില്‍ താമരശ്ശേരി, കണ്ണപ്പന്‍കുണ്ട്, വെളുത്തേന്‍കാട്ടില്‍ വീട്ടില്‍ വി.കെ മുഹമ്മദ് ഇര്‍ഫാന്‍(22) വലയിലായി. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിര്‍ദേശ പ്രകാരം ലഹരി വിരുദ്ധ സ്‌ക്വാഡും വിവിധ സ്റ്റേഷനുകളും സംയോജിച്ചുള്ള സ്‌പെഷ്യല്‍ ഡ്രൈവിലാണ് വലിയ അളവിലുള്ള ലഹരിമരുന്നുകള്‍ പിടികൂടാനും ലഹരി കടത്തുകാരെ പിടികൂടാനും സാധിച്ചത്. ലഹരി മാഫിയക്ക് കൂച്ചുവിലങ്ങിടാന്‍ വയനാട് പോലീസിന്റെ കര്‍ശന നടപടികള്‍ തുടരും. ജില്ലാതിര്‍ത്തികളിലും ജില്ലയിലെല്ലായിടത്തും കര്‍ശന പരിശോധനകള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Comments (0)
Add Comment