കോഴിക്കോട്∙ വിളവെടുപ്പിനു തയാറായ 1000 കിലോ മത്സ്യം ദുരൂഹ സാഹചര്യത്തിൽ കാണാതായി. വെസ്റ്റ്ഹിൽ ബി.ജി. റോഡിൽ കുട്ടിക്കാവ് ക്ഷേത്രത്തിനു സമീപം മത്സ്യക്കൃഷി നടത്തുന്ന മാമ്പറ്റ കൃഷ്ണപ്രസാദിന്റെ ഉടമസ്ഥതയിലുള്ള മത്സ്യ ടാങ്കിൽ ഉണ്ടായിരുന്ന മത്സ്യങ്ങളാണ് നഷ്ടപ്പെട്ടത്.
വിപണിയിൽ ഏതാണ്ട് 2.8 ലക്ഷം രൂപ വില വരും. ഗിഫ്റ്റ് ഫിലാപ്പിയ ഇനത്തിൽ പെട്ട 1300 മത്സ്യങ്ങളാണ് ടാങ്കിൽ ഉണ്ടായിരുന്നത്. ഇതിൽ 6 എണ്ണം പലകാലത്തായി ചത്തിരുന്നു. ബാക്കി 1294 മത്സ്യങ്ങൾ ഉണ്ടായിരുന്നു.ഓരോ മത്സ്യവും ചുരുങ്ങിയത് 800 ഗ്രാമിനും 900 ഗ്രാമിനും ഇടയിൽ വളർച്ച എത്തിയവയായിരുന്നു. സെപ്റ്റംബർ 4 നു വിളവെടുക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. വിളവെടുപ്പിനു മുൻപായി ടാങ്കിലെ 27,000 ലീറ്റർ വെള്ളം മാറ്റാൻ തുടങ്ങിയപ്പോഴാണ്, ടാങ്കിൽ ഒരു മീൻ ഒഴികെ ബാക്കിയെല്ലാം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. മത്സ്യ ടാങ്കിനു സമീപത്തായി ജനവാസ മേഖലയായതിനാൽ ഇവിടെ നിന്നു മോഷണം പോകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് കൃഷ്ണപ്രസാദ് പറയുന്നത്.
പെരുമ്പാമ്പോ മറ്റോ ടാങ്കിൽ ഇറങ്ങി മത്സ്യങ്ങളെ ഭക്ഷിച്ചതാകാമെന്നാണ് സംശയം. 2020ൽ ആണ് കൃഷ്ണ പ്രസാദ് സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി മത്സ്യക്കൃഷി ആരംഭിച്ചത്. നാലാമത്തെ വിളവെടുപ്പിനു തയാറായപ്പോഴാണ് മത്സ്യങ്ങൾ നഷ്ടമായിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ വിളവെടുപ്പിൽ 750 കിലോ മത്സ്യങ്ങൾ ലഭിച്ചിരുന്നു. കിലോയ്ക്ക് 280 രൂപയ്ക്കാണ് അന്ന് മത്സ്യം വിറ്റത്.