പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി

ഓണത്തോടനുബന്ധിച്ച് മാനന്തവാടി നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. ടൗണിലെ ബിസ്മില്ല ഹോട്ടല്‍, എരുമത്തെരുവിലെ ലിബര്‍ട്ടി കഫേ എന്നിവിടങ്ങളില്‍ നിന്നുമാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയത്.

ഇതുമായി ബന്ധപ്പെട്ട് പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി പിഴ ചുമത്തി. ഇതില്‍ ബിസ്മില്ല ഹോട്ടലിന് ഒരു വര്‍ഷം മുമ്പ് 15,000 രൂപ പിഴ ചുമത്തിയത് ഇതുവരെ അടക്കാത്തതിനാല്‍ ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നില്ല. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച് വരികെയാണ് ഇന്ന് വീണ്ടും പഴകിയ നെയ്‌ച്ചോര്‍ പിടിച്ചെടുത്തതിനാല്‍ 5000 രൂപ പിഴ ചുമത്തിയത്. ലിബര്‍ട്ടി ഹോട്ടലിന് 10,000 രൂപയാണ് പിഴ.കൂടാതെ മലിനജലം പൊതു ഓവുചാലിലേക്ക് ഒഴുക്കി വിട്ടതിന് ബസ് സ്റ്റാന്‍ഡ് ബില്‍ഡിംഗിലെ ഹോട്ടല്‍ സാഗറിന് 50000 രൂപയും പിഴ ചുമത്തി.

എരുമത്തെരുവില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചു വന്ന ദേശി കഫേയ്ക്ക് 2000 രൂപ പിഴയിട്ടു. ഹോട്ടലുകളിലും മറ്റും ഭക്ഷ്യവസ്തുക്കള്‍ ഫ്രീസറില്‍ സൂക്ഷിക്കുമ്പോള്‍ കൃത്യമായ തീയതി രേഖപ്പെടുത്തി പ്ലാസ്റ്റിക് കവറില്‍ പൊതിയാതെ ശാസ്ത്രീയമായി സൂക്ഷിക്കണമെന്ന് ക്ലീന്‍സിറ്റി മാനേജര്‍ ടി.മോഹനചന്ദ്രന്‍ അറിയിച്ചു.കൂടാതെ വിലവിവരങ്ങള്‍ കൃത്യമായി പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെയുള്ള പരാതികള്‍ സിവില്‍ സപ്ലൈസിന് കൈമാറിയതായും അദ്ദേഹം പറഞ്ഞു. സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജി.സന്തോഷ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എ തുഷാര, കെ.വി അശ്വതി, അശ്വതി രാജന്‍ എന്നിവരും പരിശോധനയില്‍ പങ്കാളികളായി.

Comments (0)
Add Comment