‘കാറും വീടും വിറ്റ് കടം വീട്ടണം’; 4 മാസം പ്രായമായ മകനു വിഷം നൽകി ദമ്പതികൾ തൂങ്ങിമരിച്ചു

ഭുവനേശ്വർ ∙ ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ നാലുമാസം പ്രായമുള്ള മകനു വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്തു. കടുത്ത സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിൽ. രണ്ടു മുറികളിൽ നിന്നായാണ് മാതാപിതാക്കളുടെയും നാലു മാസം പ്രായമായ കുഞ്ഞിന്റെയും മൃതദേഹങ്ങൾ ബന്ധുക്കൾ കണ്ടെത്തിയത്.

കൈത്തറി വ്യവസായിയായ സച്ചിൻ ഗ്രോവർ (30), ഭാര്യ ശിവാനി (28) എന്നിവരാണ് ആത്മഹത്യ ചെയ്തത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. വർധിച്ചുവരുന്ന കടവും വരുമാനക്കുറവും മൂലം താൻ വളരെയധികം വിഷമിക്കുന്നുവെന്ന് സച്ചിൻ ആത്മഹത്യ കുറിപ്പിൽ എഴുതിയിട്ടുണ്ട്. ‘‘എന്റെ കുടുംബത്തെ കുറിച്ച് എനിക്ക് പരാതിയില്ല. അവരെല്ലാം എന്നെ പിന്തുണച്ചു. കടം തീർക്കാൻ ഞങ്ങളുടെ കാറും വീടും വിൽക്കണം. ഞങ്ങൾ കടം വീട്ടിയില്ലെന്ന് ആരും പറയരുത്’’ – ആത്മഹത്യ കുറിപ്പിൽ പറയുന്നു.

Comments (0)
Add Comment