താമരശേരി ചുരത്തില്‍ ഇന്ന് സമ്പൂര്‍ണ സുരക്ഷ പരിശോധന

കോഴിക്കോട്: താമരശേരി ചുരത്തില്‍ ഇന്ന് സമ്പൂര്‍ണ സുരക്ഷ പരിശോധന. ഇന്നലെ മണ്ണും മരവും വീണുണ്ടായ ഗതാഗതം ഭാഗീകമായി പുനഃസ്ഥാപിച്ചെങ്കിലും കുടുങ്ങിക്കിടന്ന വാഹനങ്ങള്‍ കടത്തിവിട്ട ശേഷം ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

ഇന്നത്തെ സുരക്ഷ പരിശോധനക്ക് ശേഷമാകും ഗതാഗതം പൂര്‍ണമായും പുനസ്ഥാപിക്കുക.ചുരത്തില്‍ വ്യൂപോയിന്റിന് സമീപം കൂറ്റന്‍ പാറക്കെട്ടും മണ്ണും മരങ്ങളുമെല്ലാം ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് നിലച്ച ഗതാഗതം ബുധനാഴ്ച രാത്രി ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും ഇനിയും മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന വിദഗ്ധസംഘത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നിരോധനം തുടരാന്‍ തീരുമാനിച്ചത്.

26 മണിക്കൂറോളം നീണ്ടുനിന്ന പ്രവൃത്തികള്‍ക്കൊടുവില്‍ ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് ചുരത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടത്. ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്റിന് സമീപം റോഡിലേക്ക് വീണ മണ്ണും പാറകളും നീക്കം ചെയ്ത് റോഡ് കഴുകി വൃത്തിയാക്കിയതിനുശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. വൈത്തിരിയിലും ലക്കിടിയിലും ചുരത്തിലുമടക്കം കുടുങ്ങി കിടന്ന എല്ലാ വാഹനങ്ങളും കടന്നുപോകാന്‍ അനുവദിച്ചു. ഈ വാഹനങ്ങളെല്ലാം കടത്തിവിട്ടശേഷം സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ചുരം അടച്ചു. ഇന്ന് രാവിലെ സുരക്ഷ പരിശോധന നടത്തിയശേഷമായിരിക്കും സാധാരണഗതിയിലുള്ള ഗതാഗതം അനുവദിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.

Comments (0)
Add Comment