കേരളത്തിലെ ഗവേഷകർ പശ്ചിമഘട്ട ഭൂപ്രദേശത്തുനിന്ന് പുതിയൊരു തദ്ദേശീയ കിഴങ്ങ് ഇന്നത്തെ കണ്ടെത്തി. ഇത്തരം ഇനങ്ങളെ കുറിച്ച് മുൻപ് ഗവേഷണം നടത്തിയ ജൈവവൈവിധ്യ ഗവേഷകനും, പോലീസ് ഉദ്യോഗസ്ഥനും, സസ്യശാസ്ത്രജ്ഞനും നിലവിൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സെക്രട്ടറിയുമായ ഡോ. വി. ബാലകൃഷ്ണനോടുള്ള ആദരസൂചകമായി, ഈ പുതിയ ഇനത്തിന് ഡയോസ്കോറിയ ബാലകൃഷ്ണനി (Dioscorea balakrishnanii) എന്ന് നാമകരണം നൽകി.
പശ്ചിമഘട്ട മലനിരകളിലെ വയനാടൻ ഭൂപ്രദേശങ്ങൾ, തനതായ കിഴങ്ങുകളാൽ സമ്പന്നമാണ്. സാധാരണയായി കൃഷിചെയ്യുന്ന കാച്ചിൽ അഥവാ കാവത്ത് എന്നറിയപ്പെടുന്ന കിഴങ്ങുകളുടെ വന്യ ബന്ധുക്കളാണ് ഈ കിഴങ്ങുകൾ. ഡയോസ്കോറിയേസി (Dioscoreaceae) എന്ന സസ്യകുടുംബത്തിൽപ്പെട്ട ഇവയിൽ, പുതുതായി കണ്ടെത്തിയ ഡയോസ്കോറിയ ബാലകൃഷ്ണനി ഉൾപ്പെടെ 14-ൽ അധികം ഇനങ്ങളിലായി ഏകദേശം 23 വ്യത്യസ്ത വൈവിധ്യത്തെയും വയനാട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ കാട്ടുകാച്ചിൽ കൂടാതെ ആരാസീയ കുടുംബത്തിൽപ്പെട്ട കാട്ടുചേനകളും കാട്ടുചെമ്പിലെ ഇനങ്ങളും ഏറെ പ്രധാനപ്പെട്ടവയാണ്.
ഈ കിഴങ്ങുകൾ ആദിമ സമൂഹങ്ങളുടെ പ്രധാന ഭക്ഷണ സ്രോതസ്സുകളാണ്. ഇവയിൽ ചിലത് വിഷമുള്ളവയും, ചിലത് ഔഷധഗുണമുള്ളവയും, മറ്റു ചിലത് ഭക്ഷ്യയോഗ്യവുമാണ്.
ഓരോ കിഴങ്ങിനും അതിന്റെ രൂപം, നീളം, നിറം, ഇല, മുള്ളുകൾ, വള്ളികൾ, രുചി, നാരുകൾ തുടങ്ങിയവയുടെ പ്രത്യേകതകൾക്കനുസരിച്ച് തനതായ നാടൻ പേരുകളുണ്ട്. മഞ്ഞനൂറ, നാര, നെയ്യ് നൂറ, വെള്ള നൂറ, നോക്കപ്പ, നാരക്കവല,വെണ്ണി, കവലക്കിഴങ്ങ്, ഹെക്ക് എന്നിവയെല്ലാം ഇവയിലെ വ്യത്യസ്ത ഇനങ്ങളാണ്..
നിത്യഹരിത ചോല വനങ്ങളോട് ചേർന്ന പ്രദേശങ്ങലിൽ കണ്ടുവരുന്ന, ശാസ്ത്രലോകം ഇതുവരെ തിരിച്ചറിയാത്ത ഒരു കിഴങ്ങായിരുന്നു ‘ചോല കിഴങ്ങ്’. ഈ കിഴങ്ങിനാണ് ഇപ്പോൾ ഡയോസ്കോറിയ ബാലകൃഷ്ണനി എന്ന് നാമകരണം ചെയ്തിരിക്കുന്നത്.
ആൺ പെൺ ഇനങ്ങൾ ഉള്ളതിനാൽ കഴിഞ്ഞ പത്തു വർഷമായി ഈ ചെടിയെ നിരന്തരം നിരീക്ഷിച്ചു പൂക്കളുടെ വ്യത്യാസങ്ങൾ അടക്കം രേഖപ്പെടുത്തി പുതിയ ഇനമായി കണ്ടെത്തിയത് വയനാട് എം. എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ പിച്ചൻ എം. സലിം, ആലപ്പുഴ സനാതനധർമ്മ കോളേജിലെ ബോട്ടണി അസി. പ്രൊഫസർ ഡോ. ജോസ് മാത്യു, തിരുവനന്തപുരം കേരള കാർഷിക സർവകലാശാലയിലെ അസി. പ്രൊഫസർ ഡോ. എം.എം. സഫീർ എന്നിവരാണ്. ഇതു സംബന്ധിച്ച പഠന റിപ്പോർട്ട് അന്താരാഷ്ട്ര ശാസ്ത്ര ജേണലായ ‘സ്പീഷീസ് (Species)’ ന്റെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഈ പുതിയ കിഴങ്ങിന്റെ കണ്ടെത്തൽ തനതായ ആവാസവ്യവസ്ഥകളുടെ സംരക്ഷണതിലൂടെ തനത് വന്യ ബന്ധുക്കളുടെ പ്രാധാന്യം, ഭക്ഷ്യസുരക്ഷ, കാർഷിക വികസനം, ഔഷധ മേഖല എന്നിവയ്ക്ക് ഈ കിഴങ്ങുകൾ ഏറെ പ്രാധാന്യമുള്ളതാണ്. കൂടാതെ, വയനാടൻ ജൈവവൈവിധ്യം ഇനിയും പൂർണ്ണമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്നതിന്റെ ഒരു സൂചന കൂടിയാണെന്ന് ഡോക്ടർ.ജോസ് മാത്യു അഭിപ്രായപെട്ടു.