കോഴിക്കോട് ∙ നടക്കാവ് ജവഹർ നഗറിനു സമീപം പുലർച്ചെ ഒരു മണിയോടെ തട്ടിക്കൊണ്ടു പോയ യുവാവിനെ മണിക്കൂറുകൾക്കുളളിൽ കണ്ടെത്തി. വയനാട് പടിഞ്ഞാറത്തറ സ്വദേശി റമീസിനെയാണ് തട്ടിക്കൊണ്ടു പോയത്. കക്കാടംപൊയിലിൽ നിന്ന് ആറു കിലോമീറ്റർ അകലെ ഒറ്റപ്പെട്ട വീട്ടിൽ നിന്നാണ് റമീസിനെ പൊലീസ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേർ പൊലീസ് പിടിയിലായി. തട്ടിക്കൊണ്ടു പോയ നാലംഗ സംഘവും ഇവർക്കു സഹായങ്ങൾ നല്‍കിയ നാലു പേരുമാണ് പൊലീസ് പിടിയിലായത്.
യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന വിവരം സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസിനെ ജവഹർ നഗറിലെ ഒരു വീട്ടിലുളളവർ അറിയച്ചതിനെത്തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. യുവാവിനെ മർദിച്ച ശേഷം കാറിൽ കടത്തിക്കൊണ്ടുപോയെന്നായിരുന്നു വിവരം. സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ കാർ നമ്പർ കേന്ദ്രീകരിച്ചും തട്ടിക്കൊണ്ടു പോയ യുവാവിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചും നടത്തിയ തിരച്ചിലിലാണ് കക്കാടം പൊയിലിനു സമീപം ഇവരെ കണ്ടെത്തിയത്. റമീസിന്റെ സുഹൃത്ത് സിനാൻ ഉൾപ്പെട്ട സംഘമാണ് പിന്നിലെന്നാണ് വിവരം. തട്ടിക്കൊണ്ടു പോകലിനു പിന്നിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണെന്നാണ് സൂചന.