കോഴിക്കോട് ∙ മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡ് വഴി മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ ഒഴികെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള മറ്റു വാഹനങ്ങള്‍ നിയന്ത്രണ വിധേയമായി കടത്തിവിടും. പൊലീസിന്റെ നിയന്ത്രണത്തോടെ, ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ട് കടത്തിവിടും. ഈ പാതവഴി മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കുള്ള നിരോധനം തുടരാനും ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് മണ്ണിടിച്ചിലുണ്ടായ ചുരം ഭാഗത്തെത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയിരുന്നു.
വരും ദിവസങ്ങളില്‍ ശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നില്ല. എന്നാല്‍, മഴ ശക്തമാകുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നു ജില്ലാ കലക്ടര്‍ പറഞ്ഞു. റോഡിനു മുകളിലായുള്ള പാറയുടെ സ്ഥിതി പരിശോധിക്കാനായി ജിപിആര്‍ സംവിധാനം ഉപയോഗപ്പെടുത്തും. ഇതിനായി കോഴിക്കോട് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സിവില്‍ എൻജിനീയറിങ് വിഭാഗവുമായി ബന്ധപ്പെട്ടു നടപടി കൈക്കൊള്ളാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. പാറയുടെ ഡ്രോണ്‍ പടങ്ങള്‍ എടുത്ത് സ്ഥിതിഗതികള്‍ വിലയിരുത്താനും യോഗം തീരുമാനിച്ചു.