കൽപ്പറ്റ: മുണ്ടക്കൈ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമ്മാണത്തിനായി സർക്കാർ ഏറ്റെടുത്ത എലസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾ, തങ്ങളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിലെ കാലതാമസത്തിൽ പ്രതിഷേധിച്ചു കൊണ്ട് ജില്ലാ ലേബർ ഓഫീസറെ ഉപരോധിച്ചു. തൊഴിലാളികളും വിവിധ ട്രേഡ് യൂണിയൻ നേതാക്കളും ചേർന്ന് മണിക്കൂറുകളോളമാണ് ഉപരോധം നടത്തിയത്. പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി, ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം സ്പെഷ്യൽ ഓഫീസറും, ഡെപ്യൂട്ടി കലക്ടറും, ജില്ലാ ലേബർ ഓഫീസറും ചർച്ചകൾ നടത്തി.
ഓഗസ്റ്റ് 27-ലെ ഹൈക്കോടതി വിധിപ്രകാരം അഞ്ച് ദിവസത്തിനുള്ളിൽ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകണമെന്ന് കോടതി തൊഴിലുടമയ്ക്ക് നിർദ്ദേശം നൽകിയതായി അധികാരികൾ ഉറപ്പുനൽകി. അഞ്ച് ദിവസത്തിനുള്ളിൽ തൊഴിലുടമ പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ സർക്കാർ നേരിട്ട് ഇടപെട്ട് ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന് തൊഴിലാളി നേതാക്കൾ ആവശ്യപ്പെട്ടു.
എസ്റ്റേറ്റ് ഏറ്റെടുത്തപ്പോൾ ഭൂമിക്കുള്ള വില സർക്കാർ കോടതിയിൽ കെട്ടിവെച്ചിരുന്നു. എന്നാൽ, ഓഗസ്റ്റ് 27-ലെ ഹൈക്കോടതി വിധി പ്രകാരം, 24 കോടി രൂപ ബോണ്ട് ഒപ്പിട്ട് തൊഴിലുടമയ്ക്ക് കൈമാറാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ബാക്കി തുക ഇപ്പോഴും കോടതിയുടെ കൈവശമാണ്. തൊഴിലുടമ തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ നൽകാത്തപക്ഷം, സർക്കാർ ഈ തുക ഉപയോഗിച്ച് അത് വിതരണം ചെയ്യണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ഉപരോധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി, നാളെ രാവിലെ 11:30-ന് ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ ജില്ലാ കലക്ടറേറ്റിൽ അടിയന്തരയോഗം ചേരാൻ തീരുമാനിച്ചു. ജില്ലാ കലക്ടറുടെ പ്രതിനിധി, തൊഴിലാളി നേതാക്കൾ, എസ്റ്റേറ്റ് മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്ത് പ്രശ്നത്തിന് പരിഹാരം കാണാമെന്ന ഉറപ്പിന്മേൽ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.
സിഐടിയു ജില്ലാ ട്രഷറർ പി. ഗഗാറിൻ, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി, ട്രേഡ് യൂണിയൻ നേതാക്കളായ എൻ.ഒ. ദേവസ്യ, എൻ. വേണുഗോപാൽ, യു. കരുണൻ, ബി. സുരേഷ് ബാബു, ഗിരീഷ് കൽപ്പറ്റ, കെ.ടി. ബാലകൃഷ്ണൻ, കെ.കെ. രാജേന്ദ്രൻ, സി. ഹരിദാസ്, കെ. സൈതലവി തുടങ്ങിയവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.