.മാനന്തവാടി : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന അഴിമതിയും സ്വജന പക്ഷപാതവും ഇല്ലാതാക്കാൻ വരുന്ന തിരഞ്ഞെടുപ്പുകളിൽ എസ്‌ഡിപിഐ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് എസ്‌ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ സിയാദ്. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി SDPI വയനാട് ജില്ലാ കമ്മിറ്റി മാനന്തവാടി വ്യാപര ഭവനിൽ സംഘടിപ്പിച്ച വിജയക്കുതിപ്പ് 2025 ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാടിന്റെ അടിസ്ഥാന പ്രശ്നങ്ങളായ ഗതാഗത, ആരോഗ്യ മേഖലകളിൽ കടുത്ത വിവേചനമാണ് ഭരണകൂടങ്ങൾ തുടരുന്നത്.അധികാര കേന്ദ്രങ്ങളിൽ വയനാടിന്റെ ആവശ്യങ്ങൾ ചോദിച്ചു വാങ്ങാൻ പ്രാപ്തരായ ജനപ്രതിനിധികളെ തിരഞ്ഞെടുക്കാൻ വരുന്ന തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഉപയോഗപ്പെടുത്താൻ വയനാട്ടുകാർ തയ്യാറാകണം. ജില്ലയിൽ നൂറു കണക്കിന് വാർഡുകളിൽ പാർട്ടി മത്സരിക്കാനുള്ള മുന്നൊരുക്കം നടത്തി കൊണ്ടിരിക്കുന്നു.വിവേചനമില്ലാത്ത വികസനം സാധ്യമാവാൻ പാർട്ടി സ്ഥാനാർഥികളെ വിജയിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംസ്ഥാന ട്രഷറർ എൻ കെ റഷീദ് ഉമരി, ജില്ലാ പ്രസിഡന്റ് എ യൂസുഫ്, ജനറൽ സെക്രട്ടറി പി ടി സിദ്ധീഖ്, സെക്രട്ടറി എസ്. മുനീർ തുടങ്ങിയവർ സംസാരിച്ചു.