കല്‍പ്പറ്റ:വയനാട് ഇരട്ടത്തുരങ്കപാതയ്ക്കായി ഒഴിവാക്കുന്ന വനഭൂമിക്ക് പകരം 17.5 ഹെക്ടര്‍ റവന്യൂ ഭൂമിയെ വനം വകുപ്പിന് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനം. സ്വമേധയാ പുനരധിവാസ പദ്ധതിയിലൂടെ സ്വകാര്യ വ്യക്തികളില്‍ നിന്ന് റവന്യൂ വകുപ്പ് ഏറ്റെടുത്ത ഭൂമിയാണ് ഇപ്പോള്‍ വനമാക്കി മാറ്റുന്നത്.വനം-വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മിന്‍ഹാജ് ആലം ഇതിനായുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു.
സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ നടുവ, പുല്പള്ളി ഗ്രാമങ്ങളിലുള്‍പ്പെട്ട ചുള്ളിക്കാട്, കൊല്ലിവയല്‍, മടപ്പറമ്പ്, മണല്‍വയല്‍ മേഖലകളിലായി 17.5114 ഹെക്ടര്‍ ഭൂമിയാണ് റിസര്‍വ് ഫോറസ്റ്റായി പ്രഖ്യാപിക്കുന്നത്. 1980-ലെ കേന്ദ്ര വനനിയമവും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയും അനുസരിച്ചാണ് നഷ്ടപരിഹാര വനവല്‍ക്കരണത്തിനായി ഭൂമി മാറ്റിവെക്കുന്നത്. പരിസ്ഥിതി ലോലമായ വയനാട് ഭൂപ്രകൃതി സംരക്ഷണത്തിനായി നിയമപരമായ പരിരക്ഷ നല്‍കുന്നത് അനിവാര്യമാണെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.സ്ഥലവുമായി ബന്ധപ്പെട്ട അവകാശവാദങ്ങള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ മാനന്തവാടി റവന്യൂ ഡിവിഷണല്‍ ഓഫീസറെ ഫോറസ്റ്റ് സെറ്റില്‍മെന്റ് ഓഫീസറായി നിയമിച്ചു. സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എക്‌സ് ഒഫീഷ്യോ അധികാരിയായും ചുമതല ഏറ്റെടുക്കും.
അതേസമയം, ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി ഇരട്ടത്തുരങ്കപാത നിര്‍മ്മാണം പശ്ചിമഘട്ടത്തിലെ ശക്തമായ പാറക്കെട്ടുകള്‍ കാരണം സാങ്കേതികമായി വെല്ലുവിളികളോടെയായിരിക്കും മുന്നേറുക. ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് പോലുള്ള ഭൂമിശാസ്ത്രപരമായി ദുര്‍ബലമായ പ്രദേശങ്ങളില്‍ പോലും വലിയ തോതില്‍ തുരങ്ക നിര്‍മ്മാണം നടക്കുമ്പോള്‍, പശ്ചിമഘട്ടത്തിലെ കരുത്തുറ്റ പാറക്കെട്ടുകള്‍ വയനാട്ടിലെ പദ്ധതിയെ കൂടുതല്‍ ബുദ്ധിമുട്ടാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.ചാര്‍ണോകൈറ്റ്, ജെനിസിസ് വിഭാഗത്തിലുള്ള കൂറ്റന്‍ പാറകള്‍ നിറഞ്ഞതാണ് ഈ മലനിരകള്‍. ഇവ തുരന്ന് മാത്രമേ പാത നിര്‍മിക്കാന്‍ കഴിയൂ. ഗതാഗത സൗകര്യം മൂലം മേപ്പാടി ഭാഗത്ത് നിന്നാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. കോഴിക്കോട് ഭാഗത്ത് താല്‍ക്കാലിക പാലം പണിയേണ്ടതുണ്ടെന്നും അതിന് കുറഞ്ഞത് മൂന്ന് മാസം വേണ്ടിവരുമെന്നും വ്യക്തമാക്കുന്നു. ഇതിനാവശ്യമായ ലബോറട്ടറി സംവിധാനങ്ങള്‍ തുടങ്ങിയ പ്രാഥമിക ജോലികള്‍ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.