കൽപറ്റ ∙ വയനാട് പെരുന്തട്ടയിൽ ജനവാസ മേഖലയിലിറങ്ങിയ കടുവയും പുലിയും ഏറ്റുമുട്ടി. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണു സംഭവം. അപൂർവമായാണ് കടുവയും പുലിയും ഏറ്റുമുട്ടുന്നതെന്നു നാട്ടുകാർ പറഞ്ഞു. തോട്ടം മേഖലയോടു ചേർന്നുള്ള റോഡിന്റെ വശത്താണ് വന്യമൃഗങ്ങൾ ഏറ്റുമുട്ടിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
പുലിക്ക് സാരമായ പരുക്കേറ്റെന്നാണ് സൂചന. കടുവയ്ക്കും പരുക്കുണ്ടെന്നു വനപാലകർ സ്ഥിരീകരിച്ചു. കടുവയുടെ നഖവും പല്ലും വനപാലകർക്ക് മേഖലയിൽനിന്നു ലഭിച്ചിട്ടുണ്ട്. പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം എർപ്പെടുത്തി. ആറു മാസം മുൻപും ഈ പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. പ്രദേശത്തെ വീടുകളിലെ പശുക്കളെ കടുവ പിടികൂടിയതോടെ നാട്ടുകാർ പരിസരത്തെ റോഡ് ഉപരോധിച്ചു പ്രതിഷേധസമരം നടത്തിയിരുന്നു. കടുവയും പുലിയും ഒരുമിച്ചെത്തിയ സാഹചര്യത്തിൽ നാട്ടുകാർ ഭീതിയിലാണ്.