കഠ്മണ്ഡു ∙ പാർലമെന്റ് മന്ദിരവും സുപ്രീം കോടതിയും തീയിട്ട നേപ്പാൾ പ്രക്ഷോഭത്തിനിടെ ജയിൽ ചാടിയത് 1500ലേറെ പേരെന്ന് വിവരം. മഹോട്ടാരിയിലെ ജലേശ്വർ ജയിലിൽ നിന്ന് പ്രതിഷേധക്കാരും തടവുകാരും ഒരുമിച്ചു ജയിലിന്റെ മതിൽ തകർത്തതിനെ തുടർന്ന് 572 തടവുകാർ രക്ഷപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാത്രി 7 മണിയോടെ അഞ്ഞൂറിലധികം പേർ വരുന്ന പ്രതിഷേധക്കാർ ജയിലിലേക്ക് എത്തിയപ്പോഴാണ് ഇത് സംഭവിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. തടവുകാരുടെ കൈവശം അടുക്കള ഉപകരണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ പ്രതിഷേധക്കാരുടെ കൈവശം മറ്റ് ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
പ്രതിഷേധക്കാർ ജയിൽ വളപ്പിൽ അതിക്രമിച്ചു കയറിയതിനെ തുടർന്ന് പൊഖാറ ജയിലിൽ നിന്ന് 773 തടവുകാരാണ് രക്ഷപ്പെട്ടത്.
ഡാങ് പ്രവിശ്യയിൽ സമാനമായ സംഘർഷത്തിനിടെ തുൾസിപുർ ജയിലിൽ നിന്ന് 127 തടവുകാർ രക്ഷപ്പെട്ടതായി പൊലീസ് പറയുന്നു.കഠ്മണ്ഡുവിലെ ബിർഗുഞ്ച് ജയിലിലും സർലാഹി ജില്ലയിലെ മലങ്‌വ ജയിലിലും ചൊവ്വാഴ്ചയും ബുധനാഴ്ച പുലർച്ചെയും പ്രതിഷേധക്കാർ അതിക്രമിച്ച് കടക്കാൻ ശ്രമം നടത്തി. ബിർഗുഞ്ച് ജയിലിന്റെ സുരക്ഷ സൈന്യം ഏറ്റെടുത്തതായി റിപ്പോർട്ടുണ്ട്. പൊലീസുമായുള്ള രൂക്ഷമായ ഏറ്റുമുട്ടലിൽ പ്രതിഷേധക്കാർ മലങ്‌വ ജയിൽ കത്തിച്ചുവെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മുന്‍മന്ത്രി സഞ്ജയ് കുമാര്‍ സാഹ്, രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി പ്രസിഡന്റ് റാബി ലാമിച്ഛാനെ തുടങ്ങിയവരും ജയിലില്‍നിന്ന് രക്ഷപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 13 വര്‍ഷമായി തടവുശിക്ഷ അനുഭവിക്കുകയാണ് സഞ്ജയ് കുമാർ സാഹ്. 2012 ൽ നടന്ന ബോംബ് സ്‌ഫോടനക്കേസിലാണ് ഇദ്ദേഹത്തെ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. റേഡിയോ ടുഡേയുടെ ഉടമയായ അരുണ്‍ സിംഘാനിയയെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. സഹകരണ ഫണ്ട് തട്ടിപ്പ് കേസിലാണ് റാബി ലാമിച്ഛ അറസ്റ്റിലായത്. കലാപത്തിനിടെ ജയിൽ ചാടിയ 5 പേരെ ഉത്തർപ്രദേശ് അതിർത്തിയിൽ നിന്നും പിടികൂടിയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ലളിത്പുരിലെ നാഖു ജയിലിൽ എത്തിയ പ്രക്ഷോഭകാരികള്‍ ജയിലിനുള്ളിൽ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. പിന്നാലെ സെല്ലുകള്‍ തകര്‍ത്ത ഇവർ തടവുകാരെ പുറത്തുവിടുകയായിരുന്നു. മറ്റുചില തടവുകാര്‍ അവസരം മുതലെടുത്ത് സ്വയം സെല്ലുകള്‍ തകര്‍ത്ത് പുറത്തിറങ്ങി. ജയിലുകളിലെ രേഖകളടക്കം പ്രക്ഷോഭകാരികള്‍ തീയിട്ട് നശിപ്പിച്ചു. പൊലീസും ജയിൽ അധികൃതരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും നോക്കിനിൽക്കാൻ മാത്രമേ സാധിച്ചുള്ളൂ.